ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിന് പിന്നില്‍ സോണിയാഗാന്ധിയുടെ ഗൂഢാലോചനയുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് സുദര്‍ശന്റെ പ്രസ്താവന വിവാദമാകുന്നു. പ്രസ്താവനയെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ദല്‍ഹിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം സുദര്‍ശന്റെ പ്രസ്താവനയുമായി സംഘടനക്ക് ബന്ധമില്ലെന്ന് ആര്‍.എസ്.എസ് പ്രസ്താവിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന പരിഗണന സോണിയക്ക് നല്‍കണമെന്ന് ബി.ജെ.പി പ്രതികരിച്ചിട്ടുണ്ട്.

അജ്മീര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ പ്രതി ചേര്‍ത്തതിനെതിരെ സംഘടിപ്പിച്ച പൊതു യോഗത്തിലാണ് സുദര്‍ശന്‍ സോണിയക്കെതിരെ ആഞ്ഞടിച്ചത്. സോണിയ സി.ഐ.എ ചാരയാണെന്നും മുന്‍ പ്രധാനമന്ത്രിമാരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് സുദര്‍ശന്‍ ആരോപിച്ചത്.