ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സൂഫി ആരാധനാലയത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചു. 115 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 25 പേരുടെ നില ഗുരുതരമാണ്. ചാവേര്‍ സ്‌ഫോടനങ്ങളാണ് ഇവയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ദേര ഖാസി ഖാനിനടുത്ത സാഖി സര്‍വാര്‍ ദര്‍ബാറിന്റെ പ്രവേശനകവാടത്തിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. പള്ളിക്കു പുറത്തുള്ള ചെക്ക് പോസ്റ്റിനടുത്താണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രാര്‍ഥനയ്ക്കായി നൂറുകണക്കിന് വിശ്വാസികള്‍ തടിച്ചു കൂടിയ സമയത്താണ് സംഭവം.

13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിസന്ന്യാസി സാഖി സര്‍വാറിന്റെ സ്മൃതിമണ്ഡപമുള്‍പ്പെടുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ ബോംബ് വെച്ചു കെട്ടിയെത്തിയ രണ്ട് ചാവേര്‍ ഭീകരരാണ് സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ അധികൃതര്‍ അറിയിച്ചു.

പോലീസ് ദേഹപരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ ബോംബ് പൊട്ടിക്കുകയായിരുന്നെന്ന് പ്രദേശത്തെ പോലീസ് ചീഫ് അഹമ്മദ് മുബാറക്ക് സ്ഥിരീകരിച്ചു. അതേ സമയം പള്ളിക്ക് സമീപം മൂന്ന് സ്‌ഫോടനങ്ങളുണ്ടായെന്ന പ്രാഥമിക വിവരങ്ങള്‍ അദ്ദേഹം നിഷേധിച്ചു. രണ്ട് ചാവേറുകളെ സ്ഥലത്തുനിന്നും അറസ്റ്റുചെയ്തതായും ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്‍ താലിബാനുമായി ബന്ധമുള്ള ഫിദ ഹുസൈനാണ് അറസ്റ്റിലായവരില്‍ ഒരാളെന്ന് മുബാറക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്നും 41 മൃതശരീരങ്ങള്‍ പുറത്തെത്തിച്ചാതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമാണധികമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നടക്കുന്ന സൈനിക നടപടികള്‍ക്ക് പ്രതികാരമായിട്ടാണ് ഈ സ്‌ഫോടനം നടത്തിയതെന്ന് താലിബാന്‍ വക്താവ് അഹ്‌സനുള്ള അഹ്‌സന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.