ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയിലേക്കും വിലക്കയറ്റത്തിലേക്കും ഭരണകര്‍ത്താക്കളുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഫോര്‍ ഇന്ത്യ (എസ്.യു.സി.ഐ-കമ്യൂണിസ്റ്റ്) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലി ജന്തര്‍മന്ദിറിലാണ് സമീപിച്ചത്. എസ്.യു.സി.ഐ ശേഖരിച്ച 3.57 കോടി കൈയ്യൊപ്പ് കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്ക് കൈമാറി.

പോളിറ്റ് ബ്യൂറോ അംഗമായ കൃഷ്ണ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു. രാജ്യത്ത് വിലക്കയറ്റവും അക്രമവും വര്‍ദ്ധിച്ച് വരികയാണെന്നും രാജ്യം മുതലാളിത്തത്തിന് കീഴിലാണെന്നും അഴിമതിയില്‍ നിന്ന് സി.പി.എമ്മുകാര്‍ പോലും മോചിതരല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ പ്രവോഷ് ഘോഷ് പറഞ്ഞു.

ഇന്ത്യയില്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെയെ പോലുള്ളവര്‍ രംഗത്തിറങ്ങുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും അറബ് പ്രക്ഷോഭവുമെല്ലാം ഇത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമാണ്. മാര്‍ക്‌സിസത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ഇതിനായി നമ്മള്‍ നടത്തേണ്ടത്-അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in English