തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിനെതിരെ ജയില്‍ മോചിതയായ എസ്.യു.സി.ഐ നേതാവ് മിനി.

ഗൂഢാലോചന നടത്തിയത് പൊതുപ്രവര്‍ത്തകരല്ല സര്‍ക്കാരാണെന്ന് മിനി പറഞ്ഞു. ഇതേ ഗൂഢാലോചന നടത്തിയാണ് നെഹ്‌റു കോളേജ് പ്രിന്‍സിപ്പിള്‍ കൃഷ്ണദാസും കൂട്ടാളികളും ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും മിനി ആരോപിച്ചു.

സ്വാശ്രയ മാനേജ്മെന്റിന്റെ ഗൂഢാലോചന മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തിനെതിരെ ഗൂഢാലോചന നടത്തി. പിണറായി അവര്‍ക്കൊപ്പം നിന്നു.

ഡി.ജി.പിയെ കാണാനെത്തിയ മഹിജ അടക്കമുള്ളവരുടെ മേലേക്ക് ആളുകളെ തള്ളിയിട്ടത് മ്യൂസിയം എസ്.ഐയാണ്. തുടര്‍ന്ന് നിലത്തുവീണ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചു.

പോലീസ് വാഹനത്തിനുള്ളില്‍വച്ച് വളരെ മോശമായാണ് പോലീസ് പെരുമാറിയത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ എടീയെന്ന് വിളിക്കുകയും മാറിയിരിക്കെടീയെന്ന് അവരോട് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങള്‍ കയറിയ പോലീസ് വാഹനം ഒരു പോലീസ് സ്റ്റേഷനിലും നിര്‍ത്താതെ ആറ് മണിക്കൂര്‍ നഗരംചുറ്റി.


Dont Miss കൊലപാതകം നടത്തിയത് ആത്മാവാണെന്ന് കേഡലിന്റെ മൊഴി; 15 വര്‍ഷമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നു 


രാവിലെ 11 ന് അറസ്റ്റിലായ തങ്ങള്‍ക്ക് വൈകീട്ട് അഞ്ചുവരെ ഭക്ഷണംപോലും കഴിക്കാതെ ഇരിക്കേണ്ടിവന്നുവെന്നും പൊതുപ്രവര്‍ത്തകരുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും അവര്‍ ചോദിച്ചു.