യാങ്കൂണ്‍: മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന ജനകീയപ്രക്ഷോഭ നേതാവ് ആങ് സാന്‍ സ്യൂചിയെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പട്ടാളഭരണകൂടം ഒപ്പിട്ടതായി റിപ്പോര്‍ട്ട്. 21 വര്‍ഷമായി തടവില്‍ കഴിയുന്ന ഈ നോബല്‍ ജേതാവിന്റെ നിലവിലെ തടങ്കല്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

പടാടള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സ്യൂചിയെ ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണ്. പൊതു തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ശേഷമാണ് പട്ടാളഭരണകൂടത്തിന്റെ നടപടി.

തിരഞ്ഞെടുപ്പിന് മുന്‍പ് സ്യൂചിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണകൂടം ഇത് അംഗീകരിച്ചിരുന്നില്ല.
അന്താരാഷ്ട്ര നിരീക്ഷകര്‍ക്കുംമാധ്യമസംഘങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നിരുന്നു. സ്യൂചിയെ മോചിപ്പിക്കാന്‍ മ്യാന്‍മറിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദവും ശക്തമായിരുന്നു.