ന്യുദല്‍ഹി: ഏഴ് പാര്‍ലമെന്റംഗങ്ങളുടെയും 98 നിയമസഭാംഗങ്ങളുടെയും വരുമാനത്തില്‍ അമിത വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) സുപ്രീം കോടതിയില്‍. സമാജികര്‍ക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയെന്നും തുടരന്വേഷണം വേണമെന്നുമാണ് സി.ബി.ഡി.ടി കോടതിയില്‍ പറഞ്ഞത്.


Also Read: ‘നമ്പറൊക്കെ ഒന്നുതന്നെ’; ജഗ്ഗിയുടെ റാലി ഫോര്‍ റിവറിനായി ഉപയോഗിക്കുന്നത് മോദി ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കുന്ന അതേ നമ്പര്‍


അന്വേഷണത്തിന് വിധേയരാകേണ്ടവരുടെ പേരുകള്‍ ചൊവ്വാഴ്ച മുദ്രവച്ച കവറില്‍ കോടതിയില്‍ സി.ബി.ഡി.ടി സമര്‍പ്പിക്കും. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലോക് പ്രഹരി’ എന്ന സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് വരുമാനത്തില്‍ കവിഞ്ഞസ്വത്തുക്കള്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉണ്ടെന്ന് സി.ബി.ഡി.ടി കണ്ടെത്തിയത്.

29 ലോക്സഭാംഗങ്ങളുടെയും 11 രാജ്യസഭാംഗങ്ങളുടെയും 257 എം.എല്‍.എമാരുടെയും സ്വത്തില്‍ ക്രമാതീതമായി വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നായിരുന്നു ലോക് പ്രഹരിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.


Dont Miss: ‘നീതിയും കുടചൂടുമ്പോള്‍’; ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഗുവാഹട്ടി ചീഫ് ജസ്റ്റിസ്;വീഡിയോ


ഇതില്‍ ഒന്‍പത് ലോക്സഭാംഗങ്ങളുടെയും 11 രാജ്യസഭാംഗങ്ങളുടെയും 42 എം.എല്‍.എമാരുടെയും സ്വത്തില്‍ പ്രാഥമിക പരിശോധന തുടരുകയാണെന്നും സി.ബി.ഡി.ടി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.