എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി സിലിണ്ടര്‍ 12 ആക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യം
എഡിറ്റര്‍
Saturday 4th January 2014 9:10am

manmohan

തിരുവനന്തപുരം: ##സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തണമെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ##പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവര്‍ധന ഉപഭോക്തൃസംസ്ഥാനമായ കേരളത്തിനെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും കേരളം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

രാജ്ഭവനില്‍ രാവിലെ പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പാചകവാതകത്തിനു വിലവര്‍ധിപ്പിച്ച നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

വിഴിഞ്ഞം തുറമുഖത്തിന് കംമ്പോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. തുടക്കത്തില്‍ തന്നെ കംമ്പോട്ടാഷ് നിയമത്തില്‍ ഇളവ് കിട്ടിയില്ലെങ്കില്‍ വല്ലാര്‍പാടത്തിന് സംഭവിച്ച പ്രതിസന്ധിയുണ്ടാകുമെന്നും മന്ത്രിസഭ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വം കേട്ടു. ഇതിന് പുറമേ കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനവും പ്രധാനമന്ത്രിക്ക് കൈമാറി.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിടുക്കത്തില്‍ നടപ്പിലാക്കരുത്. കേരളത്തിന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അത് നടപ്പാക്കരുതെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ഉമ്മന്‍.വി ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കേരളം പ്രധാനമന്ത്രിക്ക് കൈമാറി. രാവിലെ അരമണിക്കൂര്‍ നേരമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ മന്ത്രിമാരും പങ്കെടുത്ത മന്ത്രിസഭാ യോഗം നടന്നത്.

മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം കനകക്കുന്നിലേക്ക് പോയി. പൊതുചടങ്ങായ സമ്പൂര്‍ണ ഇ-സാക്ഷരതയുടെ ഉദ്ഘാടനവും ടെക്‌നോപാര്‍ക്കിലെ പുതിയ കാമ്പസിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.

അതേസമയം പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് രാജ്ഭവനിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തിയിരുന്നു.

Advertisement