എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി തുക പണമായി ഗുണഭോക്താക്കള്‍ക്ക് നല്‍കും: ചിദംബരം
എഡിറ്റര്‍
Friday 16th November 2012 12:57am

ന്യൂദല്‍ഹി: സബ്‌സിഡി തുക പണമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന പദ്ധതി അടുത്ത ജനവരി ഒന്നിന് തുടങ്ങുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി.

സബ്‌സിഡിതുക പണമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നപദ്ധതി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 51 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

Ads By Google

2013 ജനവരി ഒന്നിന് തുടങ്ങാന്‍ സഹായകമായ തരത്തില്‍ നടപടികളെടുക്കാന്‍ എല്ലാ ബാങ്ക്‌മേധാവികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ആറുമാസം കേന്ദ്ര ധനമന്ത്രാലയം പദ്ധതി നടപ്പാക്കലിന് മേല്‍നോട്ടംവഹിക്കും.

വിദ്യാഭ്യാസം, വാര്‍ധക്യകാല പെന്‍ഷന്‍, റേഷന്‍, പാചകവാതകം, തൊഴിലുറപ്പു പദ്ധതി തുടങ്ങി എല്ലാവിധ സബ്‌സിഡി തുകകളും ഒന്നാം തീയതി മുതല്‍ ആധാര്‍ കാര്‍ഡ് അടിസ്ഥാനത്തിലുള്ള അക്കൗണ്ടുകളിലൂടെ പണമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.

കാര്‍ഷികവായ്പ 5,75,000 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യുക. എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും എ.ടി.എം. ആക്കുന്ന പ്രക്രിയ ഇക്കൊല്ലം ഏപ്രിലിലാണ് തുടങ്ങിയത്.

രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ 63,200 ഒഴിവുകള്‍ നടപ്പുസാമ്പത്തിക വര്‍ഷംതന്നെ നികത്തും മന്ത്രി അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എ.ടി.എം. കാര്‍ഡുകളാക്കുന്നത് 2014 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ മൂന്ന് പൊതുമേഖല ബാങ്കുകളായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് 15,000 കോടി രൂപ അധിക മൂലധനം നല്‍കാനും തീരുമാനിച്ചു. ഇക്കൊല്ലം 3955 ശാഖകള്‍ തുറക്കണമെന്ന ലക്ഷ്യം നേടുമെന്ന് മന്ത്രി അവകാശപ്പെട്ടു.

52,482 കോടി രൂപ വിദ്യാഭ്യാസ വായ്പയായി വിതരണംചെയ്തിട്ടുണ്ട്. 24,63,000 അക്കൗണ്ടുകള്‍ ഇതിനായി തുറന്നു. ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എളുപ്പം ലഭ്യമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ‘വായ്പാ ഉറപ്പ് പദ്ധതി’ മന്ത്രിസഭ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച മന്ത്രിസഭാ കുറിപ്പ് 10 ദിവസത്തിനകം പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement