എഡിറ്റര്‍
എഡിറ്റര്‍
ഉപാധികളോടെ സുബ്രത റോയിയ്ക്ക് ജാമ്യം
എഡിറ്റര്‍
Wednesday 26th March 2014 5:07pm

subratha-roy

ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിയ്ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെക്യൂരിറ്റി എക്‌സചേഞ്ച് ബോര്‍ഡില്‍ 10,000 കോടി രൂപ കെട്ടിവെയ്ക്കുകയും 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കുകയും ചെയ്യണമെന്നുള്ള വ്യവസ്ഥതകളോടെയാണ് ജാമ്യം. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് റോയിയ്ക്ക് ജാമ്യമനുവദിച്ചത്.

സഹാറ ഗ്രൂപ്പിന് കീഴിലെ കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24,000 കോടി രൂപ നിക്ഷേപകരില്‍ നിന്ന് പിരിച്ചത്. ഇത് തിരിച്ചു നല്‍കാന്‍ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

നിക്ഷേപകര്‍ക്ക് 20,000 കോടി രൂപ മടക്കി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ നേരിട്ട് ഹാജരാവാനുള്ള സുപ്രീം കോടതി ഉത്തരവ് അനുസരിയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28 നാണ് 65 കാരനായ സുബ്രത റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സുബ്രതാ റോയിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയാല്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കാമെന്ന് അറിയിച്ചിരുന്നു.

2008, 2009ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍ നിക്ഷേപം സമാഹരിച്ചത്. ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നാണ് സഹാറ നിക്ഷേപം സ്വീകരിച്ചത്. സെബിയുടെ അനുമതിയില്ലാതെയായിരുന്നു നിക്ഷേപസമാഹരണം.

Advertisement