എഡിറ്റര്‍
എഡിറ്റര്‍
സുബ്രതോ പാല്‍ ഡാനിഷ് സൂപ്പര്‍ലീഗ് ടീമില്‍
എഡിറ്റര്‍
Tuesday 19th November 2013 6:55am

subratopal

ന്യൂഡല്‍ഹി: യൂറോപ്പിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ഇന്ത്യന്‍ ടീം ഗോള്‍ കീപ്പര്‍ സുബ്രതോ പാലിനുസ്വന്തമാകും.
ഡെന്‍മാര്‍ക്കിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബായ എഫ്.സി. വെസ്ജാലാന്‍ഡിനു (എഫ്.സി. വിക്കിംഗ്‌സ്) വേണ്ടി കളിക്കാന്‍ ധാരണയായി.

2014 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ആറു മാസത്തെ കരാറിനാണു സുബ്രതോ പാല്‍ ഡെന്‍മാര്‍ക്കിലെത്തുക. മൂന്നു ആഴ്ചയായി നടത്തിയ സെലക്ഷന്‍ ട്രയലുകള്‍ക്കു ശേഷമാണു സുബ്രതോ പാല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

യൂറോപ്പിലെ മുന്‍നിര ക്ലബിന് വേണ്ടി കരാറിലൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ താരമായി 26 വയസുകാരനായ സുബ്രതോ പാല്‍. പാലിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകനായ ബൈചുംഗ് ബൂട്ടിയയും നിലവിലെ നായകനായ സുനില്‍ ഛെത്രിയും യുറോേപ്യന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

എന്നാല്‍ രണ്ട് പേരും കളിച്ചത് മുന്‍നിരടീമുകള്‍ക്കു വേണ്ടയായിരുന്നില്ല. ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംനിര ടീമായ എഫ്.സി. ബറിക്കു വേണ്ടിയാണ് ബൂട്ടിയ ബൂട്ട കെട്ടിയത്. പോര്‍ചുഗലിലെ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ റിസര്‍വ് ടീമിനു വേണ്ടിയാണ് സുനില്‍ ഛെത്രി കളിച്ചത്.

2011 ലെ ഏഷ്യന്‍ കപ്പിലെ പ്രകടനം കണ്ടു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ സുബ്രതോ പാലിന് ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന വിശേഷണം നല്‍കിയിരുന്നു. ഡാനിഷ് സൂപ്പര്‍ ലീഗായില്‍ പകുതി മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എഫ്.സി. വെസ്ജാലാന്‍ഡ് ഏഴാം സ്ഥാനത്താണ്.

ഡാനിഷ് ക്ലബ്ബില്‍ മികച്ച പ്രകടനം നടത്താനായാല്‍ യൂറോപ്പിലെ മറ്റ് പ്രമുഖ ടീമുകളില്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍. ഇന്ത്യക്കായി 67 തവണ ഗോള്‍ വലയം കാത്തിട്ടുണ്ട് സുബ്രതോ.

Advertisement