ന്യൂദല്‍ഹി: ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ലേഖനത്തിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രംഗത്ത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷവിരുദ്ധമാണെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

മുംബൈ ആക്രമണത്തിനുശേഷം ഒരു ദേശീയ ദിനപത്രത്തില്‍ സുബ്രഹ്മണ്യസ്വാമിയെഴുതിയ ഹൗ ടു വൈപ്പ് ഔട്ട് ഇസ് ലാമിക് ടെറര്‍ എന്ന ലേഖനമാണ് വിവാദമായത്.

മുസ്‌ലീം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സുബ്രഹ്മണ്യസ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനെക്കുറിച്ച് തങ്ങളുടെ നിയമഉപദേഷ്ടാവുമായി കൂടിയാലോചിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത് ഹിസ്ബുള്ള പറഞ്ഞു. ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 153എ, 153ബി എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമേ സ്വാമി വിസിറ്റിംങ് പ്രഫസറായി ജോലിചെയ്യുന്ന ഹാവാര്‍ഡിലെ സമ്മര്‍സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വാമിയെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നൂറോളം കുട്ടികളും, അവരുടെ രക്ഷിതാക്കളും, ഫാക്വല്‍റ്റി അംഗങ്ങളും ഒപ്പിട്ട പരാതിയും അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രതിഷേധ പ്രകടനങ്ങള്‍ സ്വാമിയെ തെല്ലും ഭയപ്പെടുത്തിയിട്ടില്ല. ‘മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ പങ്കുവച്ചു. തീവ്രവാദി ആക്രമണത്തില്‍ വേദനിച്ച ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കാന്‍ ആ കാഴ്ചപ്പാടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.’ ഇതായിരുന്നു ആരോപണങ്ങളോടുള്ള സ്വാമിയുടെ പ്രതികരണം.

സ്വാമിയുടേത് വളരെ മോശം ലേഖനമാണെന്നും അദ്ദേഹം ചെയ്തത് രാജ്യദ്രോഹമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി.