ന്യൂദല്‍ഹി: ഗോവധത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള സ്വകാര്യ ബില്ല് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു.

ഗോവധം നിരോധിക്കണമെന്ന് രാഷ്ട്രപതി മഹാത്മാഗാന്ധി ആവശ്യപ്പെടുന്നുണ്ട് എന്നതുള്‍പ്പെടെ ബില്ലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോസംരക്ഷണനിയമം 2017 എന്നാണ് ബില്ലിന്റെ പേര്. രാജ്യത്ത് ഇതുവരെ ഒരൊറ്റ സ്വകാര്യബില്‍ മാത്രമേ നിയമമായിട്ടുള്ളൂ എന്നിരിക്കെ രാജ്യത്തെ പശുക്കളുടെ എണ്ണം നിലനിര്‍ത്താന്‍ അതോറിറ്റി വേണമെന്നും അനിമല്‍ ഹസ്ബന്ററി വകുപ്പ് സെക്രട്ടറിക്കുപുറമെ കൃഷി സാമ്പത്തികം, മൃഗക്ഷേമം, പുരാതന ഇന്ത്യന്‍ ചരിത്രവും സംസ്‌ക്കാരവും എന്നീ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഇതു രൂപവത്ക്കരിക്കേണ്ടെന്നും ഡോ. സ്വാമി നിര്‍ദേശിക്കുന്നു.


Dont Miss മുസ്‌ലീം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പറയുന്നവരുടെ മുന്‍പില്‍ എന്റെ കവിത ഒന്നുമല്ല: ആദ്യനാഥിനെതിരെ കവിതയെഴുതിയ ബംഗാളി എഴുത്തുകാരന്‍


രാജ്യത്തെ പശുക്കളുടെ സംഖ്യ നിയന്ത്രിക്കാന്‍ ഒരു അതോറിറ്റി വേണമെന്നാവശ്യപ്പെടുന്ന ബില്ലില്‍ ഭരണഘടനയുടെ 37, 48 ആര്‍ട്ടിക്കിളുകള്‍ പ്രകാരം ഗോവധം നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ പോലെയുള്ള കടുന്ന ശിക്ഷകള്‍ നല്‍കണമെന്നും ബില്ല് ആവശ്യപ്പെടുന്നു.

നിര്‍ദ്ദേശക തത്വങ്ങള്‍ കോടതി വഴി നടപ്പാക്കാനാവില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഇവകൂടി കണക്കിലെടുക്കണമെന്നാണ് ആര്‍ട്ടിക്കിള്‍ 37 പറയുന്നത്. സര്‍ക്കാര്‍ ഗോവധം നടപ്പാക്കണമെന്നാണ് ആര്‍ട്ടിക്കിള്‍ 48 ആവശ്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഒരു അതോറിറ്റിയെ നിയമിച്ചശേഷം ഗാന്ധിജി ആഗ്രഹിച്ചതുപോലെ, ആര്‍ട്ടിക്കിള്‍ 37, 48 എന്നിവ പ്രകാരം ഗോവധം നിരോധിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

സ്വകാര്യ ബില്ലായതിനാല്‍ അത് നിയമമാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരവധി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ കേവലം ഒരു ബില്ല് മാത്രമാണ് ഇതുവരെ നിയമമായിട്ടുള്ളത്.