കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. കനിമൊഴിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കനിമൊഴിക്ക് ഇതുമായി നല്ല ബന്ധമുണ്ട്. എനിക്കിതില്‍ പങ്കില്ലെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അവരുടെ പങ്ക് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.

കനിമൊഴിയുടെ അഭിഭാഷകര്‍ക്ക് പറയത്തക്ക വാദഗതികളൊന്നും മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട കനിമൊഴിയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഷാഹിദ് ബല്‍വ നല്‍കിയ പണം ഡയറക്ടേഴ്‌സിനും വിതരണം ചെയ്തതും സി.ബി.ഐയില്‍ നിന്നും രാജയ്ക്ക് സമന്‍സ് കിട്ടിയതുമെല്ലാം ചിന്തിക്കുമ്പോള്‍ ക്രിമിനല്‍ നിയമത്തിനെതിരായി എന്തൊക്കെയോ അവിടെ നടന്നിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് വലിയൊരഴിമതിയാണ്. അതുകൊണ്ടുതന്നെ കനിമൊഴിയെ ജയിലില്‍ കൊണ്ടുപോകേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ശരിയായി നടക്കൂ.

സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന കനിമൊഴിയുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇത് കോടതിയില്‍ കാണിക്കുന്ന ട്രിക്ക്‌സ് മാത്രമാണ്. മറ്റവസരങ്ങളില്‍ സ്ത്രീയെന്ന പരിഗണന കോടതി പല യുവതികള്‍ക്കും നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ കനിമൊഴി പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അവര്‍ക്ക് കഥകള്‍ സൃഷ്ടിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കഴിയും. പിന്നെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് നമുക്ക് അറിയേണ്ടതുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നതോടെ രാജ കുറ്റവാളിയാക്കപ്പെടും. എന്നാല്‍ പണത്തിന്റെ പങ്കുപറ്റിയവരില്‍ ഡി.എം.കെയിലെ പലരുമുള്ളതുപോലെ തന്നെ കോണ്‍ഗ്രസിലെ ചിലരുമുണ്ട്. ഇവരുടെയും പങ്ക് പുറത്തുവരേണ്ടതാണ്.