ന്യൂദല്‍ഹി: ടു.ജി അഴിമതിയുമായി ബന്ധപ്പെട്ട് കരുണാനിധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമി തമിഴ്‌നാട് ഗവര്‍ണറെ കാണും. കേസില്‍ കൂട്ടുപ്രതിയായി കരുണാനിധിയെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കരുണാനിധിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണറെ കാണുന്നത്.

എന്നാല്‍ ടു.ജി അഴിമതിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് കരുണാനിധി വ്യക്തമാക്കി. ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയും സുബ്രഹ്മണ്യ സ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടു.ജി അഴിമതിയില്‍ കരുണാനിധിക്കും കുടുംബത്തിനും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജയലളിത ആരോപിച്ചു.