എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥികള്‍ക്കായി ഇടിമുറി തീര്‍ത്ത വെള്ളാപ്പള്ളി കോളേജിലെ സുഭാഷ് വാസുവും ബി.ജെ.പിയുടെ ലോ അക്കാദമി സമര പന്തലില്‍
എഡിറ്റര്‍
Thursday 2nd February 2017 4:24pm

subhah-vasu

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുവാനായി ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഇടിമുറി സ്ഥാപിച്ച മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ലോ അക്കാദമിയില്‍ ബി.ജെ.പിയുടെ സമര പന്തലില്‍. നിരാഹാര സമരം നടത്തിയ വി. മുരളീധരനു പിന്തുണ അറിയിക്കാനായിരുന്നു കഴിഞ്ഞ ഞായറാഴ്ച സുഭാഷ് വാസു സമര പന്തലിലെത്തിയത്.


Also read ലക്ഷ്മി നായര്‍ എങ്ങനെ ഡോക്ടറായി ? ബിരുദവും സംശയത്തിന്റെ നിഴലില്‍


എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയിലിട്ടു മര്‍ദ്ദിച്ചു എന്നതടക്കം വിദ്യാര്‍ത്ഥികള്‍ നല്‍കിയ നാലു പരാതികളില്‍ ഒന്നാം പ്രതിയായ വാസു ലോ അക്കാദമിയിലെ സമരത്തിന് പിന്തുണയുമായെത്തിയ കാര്യം വി. മുരളീധരന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തു വിട്ടത്. ബി.ഡി.ജെ.എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു.

ആലപ്പുഴ കട്ടച്ചിറയിലുള്ള വെള്ളാപ്പള്ളി നടേശന്‍ സപ്തതി സ്മാരക എഞ്ചിനിയറിംഗ് കോളേജില്‍ മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസു തങ്ങളെ ക്രൂര പീഡനത്തിനിരയാക്കുന്നു എന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നവംബറിലാണ് രംഗത്തെത്തിയിരുന്നത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കോളേജ് ഭാരവാഹിയായ സുഭാഷ് വാസു രാഷ്ട്രീയ മുതലെടുപ്പിനായാണ് ബി.ജെ.പിയുടെ സമര പന്തലില്‍ എത്തിയതെന്ന ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് അപമാനിച്ച ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹര സമരം നടത്തുന്ന ബി.ജെ.പി നേതാവിനെ സന്ദര്‍ശിച്ച സുഭാഷിന്റെ പേരില്‍ ഇതിലും വലിയ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുള്ളത്. മുണ്ട് മടക്കിക്കുത്തി ക്ലാസ് റൂമില്‍ കയറി വിദ്യാര്‍ത്ഥികളെ കഴുത്തിനു പിടിച്ചു തള്ളി ഇടിമുറിയിലേക്കു കൊണ്ടു പോകുന്ന വാസു വിദ്യാര്‍ത്ഥികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കാറുണ്ടെന്നും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും വിദ്യര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഹോസ്റ്റലിലെ ബെഡ്ഷീറ്റ് ചുളുങ്ങിയാല്‍ വരെ ഫൈന്‍ ഈടാക്കുന്ന കോളേജിലും വിദ്യാര്‍ത്ഥി സമരങ്ങള്‍ നടക്കുകയാണ്. എസ്.എഫ്.ഐയാണ് ഇവിടെ വിദ്യാര്‍ത്ഥി സമരത്തിനു നേതൃത്വം നല്‍കുന്നത്. സ്വന്തം സ്ഥാപനത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പരിഹരിക്കാതെ ലോ അക്കാദമി സമരത്തിനു പിന്തുണയുമായെത്തിയ സുഭാഷ് അലിയുടെയും ഇത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത മുരളീധരന്റെയും ഇരട്ട മുഖമാണ് നടപടിയിലൂടെ വ്യക്തമാകുന്നത് എന്ന ആരോപണങ്ങള്‍ ശക്തമാണ്.
ബി.ഡി.ജെ.എസ് ദേശീയ സെക്രട്ടറി ശ്രീ സുബാഷ് വാസു സമര പന്തലില്‍ സന്ദര്‍ശിച്ചപ്പോള്‍ എന്ന പേരില്‍ മുരളീധരന്‍ ഷെയര്‍ ചെയ്ത വീഡിയോ

Advertisement