വസ്ത്രവിപണി അങ്ങനെയാണ് എന്നും വ്യത്യസ്തതകള്‍, ഓരോ ദിവസവും ട്രെന്‍ഡുകള്‍ മാറും, മാറി വരുന്ന പെണ്‍സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് വസ്ത്രവിപണിയും മാറിക്കൊണ്ടിരിക്കും. അങ്ങനെ വന്നൊരു മാറ്റമായിരുന്നു വസ്ത്രമേഖലയിലെ കുര്‍ത്ത വിസ്മയവും.

വടക്കേ ഇന്ത്യയില്‍ പ്രചരിച്ചിരുന്ന ഈ വേഷം കേരളത്തിലെത്തിയിട്ട് അധികനാളായിട്ടില്ല. എന്നാല്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ മലയാളി പെണ്‍കൊടികള്‍ കുര്‍ത്തെയെ ഏറ്റെടുത്തു. കണ്ടാല്‍ ചുരിദാറിന്റെ ടോപ്പാണെന്ന് തോന്നിക്കും, എന്നാല്‍ ഷോള്‍ വേണ്ട, അതുമാത്രമല്ല ജീന്‍സിനൊപ്പവും പൈജാമയ്‌ക്കൊപ്പവും ലെഗിന്‍സിനൊപ്പവും ഇടാമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഇന്ന് കോട്ടണ്‍ കുര്‍ത്തകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. 250 രൂപമുതല്‍ വിലയുള്ള കുര്‍ത്തകള്‍ ഇന്ന് വിപണയില്‍ ലഭ്യമാണ്. വേനല്‍ക്കാലത്ത് ഹാഫ് സ്ലീവിനും ലൈറ്റ് ഷെയ്ഡുകള്‍ക്കുമാണ് കൂടുതല്‍ പ്രിയം എന്നാല്‍ മഴക്കാലമാകുന്നതോടെ ഏതുതരം കുര്‍ത്തകള്‍ വാങ്ങാനും പെണ്‍കുട്ടികള്‍ തയ്യാറാണ്.

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള കുര്‍ത്തയില്‍ ഇപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങള്‍ എന്തൊക്കെ നടന്നാലും അതിന്റെ ബേസിക് ഫോമിന് മാറ്റമൊന്നും വരില്ലെന്ന് ഉറപ്പാണ്. തുറന്ന കഴുത്തുള്ള കുര്‍ത്തകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. അല്പം മെലിഞ്ഞ ശരീരമുള്ളവരാണെങ്കില്‍ ഹൈനെക്ക് മോഡലുകളാവും കൂടുതല്‍ അനുയോജ്യം.

സാരിചുറ്റി പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ടും ചുരിദാറും ഷോളും ഇട്ടുനടക്കേണ്ട ബുദ്ധിമുട്ടും ഓര്‍ക്കുമ്പോള്‍ ഏതുപ്രായത്തിലുള്ളവരും കുര്‍ത്തയെ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.