Administrator
Administrator
എന്‍ഡോസള്‍ഫാനെതിരെ ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്
Administrator
Friday 22nd April 2011 11:17am

endosulfanകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലങ്ങളിലുള്ള ആളുകളുടെ രക്തത്തില്‍ ഇപ്പോഴും കീടനാശിനിയുടെ അംശം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.  ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വ്വേയില്‍ പങ്കെടുത്ത 41 പേരുടെ രക്തം പരിശോധിച്ചപ്പോള്‍ അതില്‍ നാലുമുതല്‍ 170 പാര്‍ട്‌സ് പര്‍ ബില്യണ്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ താരതമ്യപഠനത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സ്ഥിരീകരിച്ചു. കുട്ടികളില്‍ ഈസ്ട്രജന്റെ അളവില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ തളിച്ച മുളിയാര്‍ പഞ്ചായത്തും തളിക്കാത്ത ബാനം പഞ്ചായത്തും തമ്മിലുള്ള താരതമ്യ പഠനവും സംഘം നടത്തി.എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത മേഖലകളെ അപേക്ഷിച്ച് ഇവിടെ ശിശുമരണ നിരക്കും വന്ധ്യതയും കൂടുതലാണ്. ചാപിള്ളയാവുന്ന കുട്ടികളുടെ എണ്ണവും ബാനത്തെ അപേക്ഷിച്ച് കൂടുതലാണ്. ഇവിടെ സ്ത്രീകളുടെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടെത്തി. ആയിരം പുരുഷന്‍മാര്‍ക്ക് 957 സ്ത്രീകളാണ് ദുരിതബാധിത പ്രദേശങ്ങളിലുള്ളത്. മുളിയാറിലെ വളര്‍ത്തു മൃഗങ്ങളില്‍ അസ്വാഭാവികത കൂടുതലാണെന്നും പത്ത് വയസിനു മുകളിലുള്ളവരില്‍ ചലനവൈകല്യം ആറിരട്ടി കൂടുതലാണെന്നും കണ്ടെത്തി.

ഇവിടുത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിയതോടെ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പഠനം നടത്തിയത്. കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലായി പതിനായിരത്തോളം പേരെ പഠനവിധേയമാക്കി. ഈ വര്‍ഷം ജനുവരി, ഫിബ്രവരി, മാസങ്ങളിലാണ് പഠനം നടന്നത്. കഴിഞ്ഞ ഫിബ്രവരിയില്‍ പഠനറിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും ഉദ്യോഗസ്ഥര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ മെഡിക്കല്‍ കോളേജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

Advertisement