എഡിറ്റര്‍
എഡിറ്റര്‍
വിദ്യര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 1st March 2017 7:07pm

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജുമെന്റ് തയ്യാറായതോടെയാണ് സമരം പിന്‍വലിച്ചത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, അധ്യാപകരായ പ്രവീണ്‍, ഗോവിന്ദന്‍ കുട്ടി, ഇര്‍ഷാദ് എന്നിവരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.

ചേലക്കര സി.ഐ വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.


Also Read: കുടിയേറ്റക്കാരുടെ ശരീരത്തെ സഹോദരങ്ങളുടെ ശരീരമായി കാണാത്തതുകൊണ്ടാണ് ആക്രമിക്കാനും കൊല്ലാനും തോന്നുന്നത് ; ട്രംപിനെതിരെ ആഞ്ഞടിച്ച് സിക്ക് വംശജയുടെ പ്രസംഗം


കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. കഴിഞ്ഞമാസം് 17 ന് കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും മിനുറ്റ്‌സില്‍ ഒപ്പുവയ്ക്കാന്‍ മാനേജുമന്റെ് തയ്യാറാകാതെ നില്‍ക്കുകയായിരുന്നു.

ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കുക, കോളേജിലെ ഫൈന്‍ സംവിധാനം നിര്‍ത്തലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചെങ്കിലും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാതെ വരികയായിരുന്നു.

Advertisement