എഡിറ്റര്‍
എഡിറ്റര്‍
ഹോസ്റ്റല്‍ സൗകര്യമില്ല: കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ ഉറങ്ങി വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് റഫ്യൂജി മൂവ്‌മെന്റ്
എഡിറ്റര്‍
Wednesday 19th July 2017 3:03pm

കാസര്‍കോട്: ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാത്ത സര്‍വ്വകലാശാല അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. 2017-18 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച ബിരുദാനന്തര ബിരുത വിദ്യാര്‍ഥികളെയാണ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാതെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നത്.

ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതു സംബന്ധിച്ച് വി.സിയുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

 

ചൊവ്വാഴ്ച രാത്രി സര്‍വ്വകലാശാലയുടെ മൂന്ന് ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 250 ലേറെ വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുത്തത്. ഇന്നുരാവിലെ ക്യാമ്പസില്‍ 750 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത വന്‍ പ്രക്ഷോഭവും നടന്നു.

വരുംദിവസങ്ങളില്‍ ക്യാമ്പസിലെ ലൈബ്രറി, വി.സിയുടെ ചേമ്പര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ താമസിച്ചുകൊണ്ട് പ്രതിഷേധിക്കുമെന്നും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

പ്രശ്‌നം പരിഹാരം ആവശ്യപ്പെട്ട് എം.പിയെ നേരില്‍കണ്ട് പരാതി നല്‍കിയിരുന്നു. അദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു മുമ്പാകെ പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.ആര്‍.ഡി മന്ത്രാലയത്തില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് രേഖാമൂലം അറിയിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

വ്യക്തമായ മുന്നൊരുക്കങ്ങളില്ലാതെ സര്‍ക്കാര്‍ പി.ജി സീറ്റ് വര്‍ധിപ്പിച്ചതാണ് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന സുബ്രഹ്മണ്യന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

 

 

പുതുതായി ചേരുന്ന പി.ജി വിദ്യാര്‍ഥികളില്‍ 66%ത്തിനും ഹോസ്റ്റല്‍സൗകര്യങ്ങളില്ല. നോണ്‍ റെസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയായതിനാല്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍.

അഡ്മിഷന്‍ വേളയിലും പിന്നീടും വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കുമെന്ന് യൂണിവേഴ്‌സിറ്റി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പിന്നീട് ലംഘിക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികളാണ്. മറ്റിടങ്ങളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുകയെന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് പഠനം തന്നെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement