കോഴിക്കോട്: ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ വൈറ്റ്‌നര്‍ ഉപയോഗം വ്യാപകമായി മാറുന്നതായി റിപ്പോര്‍ട്ട്. ലഹരിക്കായി വൈറ്റ്‌നര്‍ ഉപയോഗിച്ചതിന് കസബ പോലീസ് സ്‌റ്റേഷന്‍ പരിസരത്തുള്ള ഒരു സ്‌കൂളില്‍ നിന്ന് 14 വിദ്യാര്‍ത്ഥികളെ കഴിഞ്ഞദിവസം പുറത്താക്കി. സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്.

വൈറ്റ്‌നര്‍, പശ, പെയിന്റിംഗ് അനുബന്ധ വസ്തുവായ ടിന്നര്‍, അക്രിലിക് പെയിന്റ്, കളര്‍ പേസ്റ്റ് എന്നിവയുടെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ വ്യാപകമായിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ വൈറ്റ്‌നര്‍ വാങ്ങുന്നത്. നേരിയ തോതില്‍ ലഹരി ലഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ഇത്തരത്തിലുള്ള വസ്തുക്കള്‍ക്കു അടിമപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവ ഉപയോഗിക്കുന്നത് തടയാന്‍ നിയമില്ലാത്തതിനാല്‍ ഇവയുടെ വില്പന തടയാനും കഴിയില്ലെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞദിവസം വൈറ്റ്‌നര്‍ ഉപയോഗിച്ച ചില വിദ്യാര്‍ത്ഥികളെ ഫോക്കസ് മാളില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉപയോഗം തടയാന്‍ നിയമമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്.

Malayalam News
Kerala News in English