ന്യൂദല്‍ഹി: സ്‌കൂളില്‍ സഹവിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ദല്‍ഹി രോഹിണി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ ആണ് ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണപ്പെട്ടത്.

വയറില്‍ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ രാത്രി അംബേദ്ക്കര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.


Dont Miss നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുത്തു


തലേദിവസം സ്‌കൂളില്‍വെച്ച് വിശാലിന് സഹപാഠികളുടെ മര്‍ദ്ദനമേറ്റിരുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രക്ഷിതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീടാണ് വയറുവേദനയുണ്ടെന്നും ക്ലാസില്‍വെച്ച് രണ്ടുമൂന്ന് കുട്ടികളുമായി ഉണ്ടായ തര്‍ക്കത്തിനിടെ അവര്‍ മര്‍ദ്ദിച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം കുട്ടിയുടെ ശരീരത്തിന് പുറമെ മുറിവുകളോ പാടുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മരണകാരണം അറിയേണ്ടതുണ്ടെന്ന രക്ഷിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.