ന്യൂദല്‍ഹി: തന്റെ പുതിയ ചിത്രം സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍ ചെയ്യുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. ചിത്രത്തില്‍ പുതുമുഖങ്ങളുടെ സാന്നിധ്യമാണ് കരണ്‍ ജോഹറിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

Ads By Google

‘ധര്‍മ പ്രൊഡക്ഷന്‍സിനും എനിയ്ക്കും ഈ ചിത്രം വലിയ ഉത്തരവാദിത്തമാണ്. ഈ ചിത്രത്തിലൂടെ മൂന്ന് പേരുടെ കരിയറിന് ഞങ്ങള്‍ തുടക്കമിടുകയാണ്.  അലില ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. മൂന്ന് പേരും കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ ഒരു പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍ എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഞങ്ങള്‍ ഉയരണം’ കരണ്‍ പറഞ്ഞു.

ഫിലിംമേക്കര്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റാസ്ദാന്റെയും മകളാണ് അലിയ. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. സിദ്ധാര്‍ത്ഥ് ഒരു മോഡലാണ്. ഒക്ടോബര്‍ 19ന് തിയ്യേറ്ററുകളിലെത്തുന്ന സ്റ്റുഡന്റ് ഓഫ് ദ ഇയറാണ് ഇവരുടെ ഭാവി തീരുമാനിക്കുകയെന്നാണ് കരണ്‍ പറയുന്നത്.

ആഗസ്റ്റ് 2ന് ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ചിത്രം പ്രേക്ഷകരിലെത്തിക്കാനായി താന്‍ വിവിധങ്ങളായ പ്രചാരണ തന്ത്രങ്ങളാണ് ഒരുക്കാന്‍ പോകുന്നതെന്നും കരണ്‍ വ്യക്തമാക്കി.

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും കരണ്‍ ജോഹറും ചേര്‍ന്നാണ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ നിര്‍മിക്കുന്നത്.