കൊച്ചി: പരീക്ഷക്ക് വേണ്ടി ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് വില്ലേജ് ഓഫീസര്‍ നല്‍കിയത് ‘മുസ്‌ലിം തീവ്രവാദി വിഭാഗത്തില്‍പെട്ടതല്ലെന്ന’ സര്‍ട്ടിഫിക്കറ്റ്. മലപ്പുറം സ്വദേശി മുഹമ്മദിനാണ് എളങ്കന്നപ്പുഴ വില്ലേജ് ഓഫീസര്‍ ധ്രുവനാഥ പ്രഭുവിന്റെ ‘തീവ്രവവാദിയല്ല’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Ads By Google

എറണാകുളം മഹാരാജാസ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ സാക്ഷ്യപത്രം ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച്ച എളങ്കുന്നപ്പുഴ വില്ലേജോഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ്  ഓഫീസില്‍നിന്ന് കൊടുത്ത സാക്ഷ്യപത്രം താലൂക്ക് ഓഫീസില്‍നിന്ന് ജാതി പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശത്തോടെ മടക്കി നല്‍കുകയായിരുന്നു. ഇതില്‍ കച്ചി മേമന്‍, ബൊഹ്‌റ, നവയത്, തമര്‍ക്കന്‍, ദഖ്‌നി എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരല്ല എന്ന് വ്യക്തമാക്കണമെന്നാണ് നിയമം. മാലിപ്പുറം സങ്കേതം ഹജീത് പള്ളിയില്‍നിന്ന് മഹല്ല് സെക്രട്ടറി ടി.കെ. അന്‍വര്‍ ഒപ്പിട്ട് നല്‍കിയ സാക്ഷ്യപത്രത്തില്‍ ഇവ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച നല്‍കിയ 5776/2012 നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ മുഹമ്മദ് മുസ്ലിം വിഭാഗത്തിലെ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ആളല്ല എന്നാണ് രേഖപ്പെടുത്തി നല്‍കിയത്.

വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഇതിനകം തന്നെ വിവാദമായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഇതിന് മുമ്പും ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താലൂക്ക് ഓഫീസില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത് തിരുത്തുകയോ തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. താലൂക്കോഫിസില്‍നിന്ന് മടക്കിയ സര്‍ട്ടിഫിക്കറ്റ് നിര്‍ദേശിക്കപ്പെട്ടപോലെ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടും മുമ്പെഴുതിയ തീവ്രവാദ പരാമര്‍ശം ഒഴിവാക്കിയില്ലെന്നും മുഹമ്മദ് പറയുന്നു.