ന്യൂദല്‍ഹി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്ത വിദ്യാത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റികൊന്നു. ദല്‍ഹിയിലെ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായ ഗുര്‍പ്രീത് സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്സാം സര്‍ക്കാരിന് കീഴില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി ജോലി ചെയ്യുന്ന ആളാണ് രോഹിത്.

എയിംസ് ആശുപത്രിയ്ക്ക് സമീപം സൂഹൃത്തിനൊപ്പം ചായക്കടയില്‍ നില്‍ക്കുകയായിരുന്ന ഗുര്‍മീതിനടുത്തേയ്ക്ക് കാറില്‍ നിന്നിറങ്ങിയ രോഹിത് സിഗററ്റ് വലിച്ച് പുക മുഖത്തേയ്ക്ക് ഊതി വിടുകയായിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് പുക വലിക്കരുതെന്നും നിര്‍ബന്ധമാണെങ്കില്‍ മാറി നിന്ന് വലിക്കണമെന്നും ഗുര്‍മീത് ആവശ്യപ്പെട്ടു.


Also Read: ചീഫ് ജസ്റ്റിസുമായുള്ള തര്‍ക്കത്തിനൊടുവില്‍ സീനിയേഴ്‌സ് മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ ഉണ്ടാക്കുന്ന ‘മെന്‍ഷനിങ്’ നിര്‍ത്തലാക്കിച്ച് മലയാളി അഭിഭാഷകന്‍


തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സുഹൃത്ത് ഗുര്‍പ്രീതിനെ പിന്തിരിപ്പിച്ച് ബൈക്കില്‍ കയറ്റി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ മഹന്ത ബൈക്കിനെ ഇടിച്ചിടുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഓട്ടോറിക്ഷയിലും കാറിടിച്ചു.

സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മഹന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നെന്ന് ഡി.ജി.പി വ്യക്തമാക്കി.