ലണ്ടന്‍: ബ്രിട്ടനില്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്‌വെ വെടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരന്‍ അറസ്റ്റിലായി. വംശീയവിദ്വേഷമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് അനുജ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിയായിരുന്നു അനൂജ്. ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുജും കൂട്ടുകാരും.

Subscribe Us:

തുടര്‍ന്ന് സാല്‍ഫോര്‍ഡിലെ ഓര്‍ഡ്‌സാല്‍ ലെയിനില്‍ കൗമാരപ്രായക്കാരായ രണ്ടുവെള്ളക്കാര്‍ ഇവരെ സമീപിക്കുകയും അല്പനേരത്തെ സംഭാഷണത്തിനു ശേഷം അക്രമികളിലൊരാള്‍ കൈത്തോക്ക് എടുത്ത് അനുജിനു നേര്‍ക്കു തുരുതുരാ നിറയൊഴിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഉടന്‍ തന്നെ അനൂജിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും  രക്ഷപ്പെടുത്താനായില്ല. തലയില്‍ വെടിയുണ്ട തറച്ചുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വെള്ളക്കാരനാണെന്നതൊഴികെ പ്രതിയെപ്പറ്റിയുള്ള മറ്റു വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു അക്രമിയെ പിടികിട്ടിയിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ചീഫ് സൂപ്രണ്ട് കെവിന്‍മുല്ലിഗന്‍ പറഞ്ഞു. അനൂജ് മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ്. അനുജിനോടൊപ്പമുണ്ടായിരുന്ന മറ്റ് എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

Malayalam News

Kerala News In English