എഡിറ്റര്‍
എഡിറ്റര്‍
അധ്യാപികയുടെ ശിക്ഷയില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Wednesday 19th March 2014 11:48pm

suicide

ബംഗലുരു: അധ്യാപികയുടെ ശിക്ഷയെത്തുടര്‍ന്ന് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലെ ലഖസാന്ദ്ര എക്സ്റ്റന്‍ഷനിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്  അധ്യാപികമാരായ ഫിലോമിന, മരിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു താവരക്കരെ സ്വദേശി പ്രിയങ്കയും ജയനഗര്‍ സ്വദേശി സോണാലിയും അധ്യാപികയുടെ ശിക്ഷയില്‍ മനംനൊന്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ത്ഥിനികളിലൊരാളുടെ ബാഗില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ്  കണ്ടെത്തി. തങ്ങളുടെ അധ്യാപികമാരായ ഫിലോമിന ഇമ്മാനുവലും മരിയ ലെയ്‌നയും കഴിഞ്ഞ കുറെ നാളുകളായി മോശം മാര്‍ക്ക് കിട്ടിയതിന്റെ പേരില്‍ വഴക്കുപറയാറുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്.

സ്‌കൂളില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ പ്രിയങ്കയേയും സൊണാലിയേയും ഉള്‍പ്പെടെ ഏഴ് കുട്ടികളെ ഇന്നലെ ക്ലാസിന് പുറത്തുനിര്‍ത്തിയിരുന്നു. ഇതിനുപുറമെ പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ അവസാനഘട്ട പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് അധ്യാപിക ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രിയങ്കയും സൊണാലിയും സ്‌കൂളിന് പുറത്ത് കടന്ന് ബസില്‍ കയറി തൊട്ടടുത്തുള്ള സാങ്കി ടാങ്ക് കുളക്കരയിലെത്തി ബാഗും ഷൂവും ഊരി വെച്ചശേഷം കൈകള്‍ പരസ്പരം കെട്ടി കുളത്തിലേക്ക് ചാടുകയായിരുന്നെന്നായിരുന്നു പോലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

സദാശിവ നഗര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ കുട്ടികളെ കാണാനില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം നടത്തി.

Advertisement