ബാംഗ്ലൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാമുകന്‍ ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതില്‍ മനംനൊന്ത് ബാംഗ്ലൂര്‍ ഐ.ഐ.എം വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്നുള്ള മാലിനി മുര്‍മു (22) ആണ് മരിച്ചത്.

ഞായറാഴ്ച മാലിനിയെ അഭിഷേക് കണ്ടിരുന്നെന്നും അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നെന്നുമാണ് പറയുന്നത്. അതിനുശേഷം അഭിഷേക് ദല്‍ഹിയിലേക്ക് പോകുകയും ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ ക്ലാസ്സില്‍ കാണാതായതോടെ കോളേജ് ഹോസ്റ്റല്‍ റൂമില്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

‘ അവന്‍ എന്നെ ഉപേക്ഷിച്ചിരുക്കുന്നു. ഞാന്‍ ജീവനൊടുക്കുകയാണ്’ എന്ന ആത്മഹത്യ കുറിപ്പ് കംപ്യൂട്ടറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 421ാം നമ്പര്‍ മുറിയില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ഫേസ്ബുക്കില്‍ ആണ്‍കുട്ടിയെഴുതിയ പോസ്റ്റിലും വാക്കുതര്‍ക്കത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും സൂചനയുണ്ട്. ഇന്ന് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്. പഴയകാമുകിയില്‍ നിന്നു മോചനം കിട്ടിയ സുദിനം എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് മാലിനിയുടെ കാമുകന്‍ അഭിഷേക് ധാനിനെതിരെ ഐ.പി.സി സെക്ഷന്‍ 306 പ്രകാരം കേസെടുത്തു. മാലിനിയുടെ അച്ഛന്‍ ബിശ്വാസ് മുര്‍മു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ധാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്നതാണ്.

പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് അഭിഷേക് ഫേയ്‌സ്ബുക്ക് എക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യയില്‍ അഭിഷേകിന് പങ്കുള്ളതായി സംശയമുണ്ടെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.എസ് ഹര്‍ഷ പറഞ്ഞു. അഭിഷേകിനെ ഉടന്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കാണ്‍പൂരിലെ ഐ.ഐ.ടിയില്‍ നിന്നും ബി.ടെക് കഴിഞ്ഞ മാലിനി ഇന്‍ഫോസിസില്‍ ജോലിചെയ്തിരുന്നു.