എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പ്: താരങ്ങളുടെ സുരക്ഷ ശക്തമാക്കുന്നു
എഡിറ്റര്‍
Saturday 29th September 2012 11:36am

കൊളംബോ: ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലെത്തിയ  ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ യുവാവ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മുറിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കൊളംബോയിലെ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെ മുന്‍ ജോലിക്കാരനെന്ന് സംശയിക്കുന്ന ഇരുപത്തിയൊന്ന് വയസുള്ള യുവാവ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മുറിയില്‍ കടന്ന് അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു.

Ads By Google

ഉടന്‍ തന്നെ താരങ്ങള്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും യുവാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐ.സി.സി.യേയും ഇക്കാര്യം അറിയിച്ചിരുന്നു. അതേസമയം യുവാവിന്റെ ഉദേശ്യം എന്തായിരുന്നുവെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. വാതുവയ്പ് സംഘങ്ങളുമായി യുവാവിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലും ഡ്രസിങ് റൂമിന് സമീപവും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്ന് ഐ.സി.സി അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Advertisement