മുംബൈ: ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്.ഡി.എഫ്.സി) രണ്ടാം പാദത്തിലെ ലാഭത്തില്‍ വര്‍ധനവ്. കോര്‍പ്പറേഷന്‍ പുറത്തുവിട്ട പ്രവര്‍ത്തന ഫലത്തില്‍ രണ്ടാം പാദത്തിലെ ലാഭത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.2 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ജൂലൈയ്- സെപ്റ്റംബര്‍ മാസത്തിലെ ലാഭം 971 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലിത് 808 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം 40.2 ശതമാനം വര്‍ധനയോടെ 4,077.5 കോടി രൂപയിലുമെത്തി. തൊട്ടു മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,906.55 കോടി രൂപയായിരുന്നു. പലിശയില്‍ നിന്നുള്ള വരുമാനം 16% ഉയര്‍ന്ന് 1386 കോടി രൂപയായി.

Subscribe Us:

പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത പണ വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ കാല്‍ ശതമാനം വീതം ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നതെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെകി മിസ്ട്രി പറഞ്ഞു. എന്നാല്‍, നിരക്കുകളില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധന ബാങ്കിന്റെ ആസ്തിയെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.