ന്യൂദല്‍ഹി: രാജ്യത്തെ സിനിമാ മേഖല ഇന്നു സ്തംഭിക്കും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സേവനനികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നിവ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സൂചനാ സമരത്തിനുശേഷവും സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പണിമുടക്കിന്റെ ഭാഗമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ന് എറണാകുളം സരിത തിയറ്റര്‍ കോംപ്ലക്‌സിന് മുന്നില്‍ ധര്‍ണ നടത്തും.  ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, അമ്മ,  സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫെഫ്ക്ക തുടങ്ങിയ സംഘടനകളും പണിമുടക്കിലും പ്രതിഷേധ യോഗത്തിലും പങ്കെടുക്കും. പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തിന് താങ്ങാവുന്നതിലധികമാണെന്ന് സേവനനികുതിയെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പ്രശ്‌നത്തിലേക്കു ശ്രദ്ധക്ഷണിക്കല്‍ എന്ന നിലയിലാണു മുഴുവന്‍ സിനിമാപ്രവര്‍ത്തകരും ധര്‍ണ നടത്തുന്നതെന്ന്  കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നത്തിനു രമ്യമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു കോടി മുടക്കുന്ന ചിത്രം ലാഭമായാലും നഷ്ടമായാലും 10.33 ശതമാനം സേവന നികുതിയായി അടയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാന നികുതികള്‍ക്ക് പുറമെയാണിത്. ഇതേപ്പറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ മറ്റ് സംസ്ഥാനങ്ങളിലും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ധര്‍ണ നടക്കുമെന്ന് സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

Malayalam news

Kerala news in English