ഏഥന്‍സ്: സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരെ ഗ്രീസില്‍ ആരംഭിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യം നിശ്ചലമായി. സമരാനുകൂലികളും പൊലീസും പലയിടങ്ങളിലും ഏറ്റുമുട്ടി. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.

പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറക്കല്‍, ആനുകൂല്യങ്ങള്‍ എടുത്തുമാറ്റല്‍, നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ ബില്ലിന്‍മേല്‍ ഇന്നലെയും ഇന്നുമായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് ജനങ്ങള്‍ പണിമുടക്ക് നടത്തുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ചെറുകിട വ്യാപാരികളും കച്ചവടക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പണിമുടക്ക് പൂര്‍ണമായി.

Subscribe Us:

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് സര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഉദാരവത്ക്കരണ പരിഷ്‌കരണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ചെലവു കുറയ്ക്കല്‍, നികുതി വര്‍ധന, ആസ്തി വില്‍പന തുടങ്ങിയവ അടങ്ങുന്ന പദ്ധതിയാണിത്. ഇതിനെത്തുടര്‍ന്നാണ രാജ്യത്താകമാനം പ്രക്ഷോഭം ആരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് സമരപരിപാടികളില്‍ പങ്കെടുക്കുന്നത്.

സര്‍ക്കാര്‍ സമ്പന്ന വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി സാധാരണക്കാരന്റെമേല്‍ കടുത്ത ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ ആക്ഷേപം.