എഡിറ്റര്‍
എഡിറ്റര്‍
പൊതുപണിമുടക്ക്: ചര്‍ച്ച പരാജയം
എഡിറ്റര്‍
Thursday 14th February 2013 12:20am

ന്യൂദല്‍ഹി: കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി ഈ മാസം 20, 21 തീയതികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

Ads By Google

തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വിളിച്ച യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.

വിഷയം അടിയന്തരമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും പണിമുടക്കില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍, തങ്ങള്‍ മുന്‍തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

ജി. സഞ്ജീവ റെഡ്ഡി (ഐ.എന്‍.ടി.യു.സി.), എ.കെ. പദ്മനാഭന്‍, തപന്‍ സെന്‍ (സി.ഐ.ടി.യു.), എ.എന്‍. ദോഗ്ര (ബി.എം.എസ്.), ഗുരുദാസ് ദാസ് ഗുപ്ത (എ.ഐ.ടി.യു.സി.),രാജു (യു.ടി.യു.സി.)  ആര്‍.എ. മിത്തല്‍ (എച്ച്.എം.എസ്.), ജി. ദേവരാജന്‍ (ടി.യു.സി.സി.), തുടങ്ങിയ നേതാക്കളും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിലക്കയറ്റം തടയുക, ചുരുങ്ങിയ വേതനം 10,000 രൂപയായി നിശ്ചയിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക,  കരാര്‍ തൊഴിലാളി നിയമം റദ്ദാക്കുക, ബോണസ്, പി.എഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയവ നല്‍കാന്‍ ഇപ്പോഴുള്ള ശമ്പളപരിധി നീക്കുക മുതലായവയാണ് കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍.

തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങള്‍ സമയമെടുത്ത് പരിഹരിക്കേണ്ടവയാണെന്നും സാവകാശം വേണമെന്നും മന്ത്രി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇവയില്‍ പലതും അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മന്ത്രി വിശദീകരിച്ചു.

എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകള്‍ അറിയിക്കുകയായിരുന്നു.

Advertisement