എഡിറ്റര്‍
എഡിറ്റര്‍
പൊതു പണിമുടക്കില്‍ സമ്പദ് വ്യവസ്ഥക്ക് നഷ്ടമായത് ഏകദേശം 2200 കോടി
എഡിറ്റര്‍
Friday 22nd February 2013 9:48am

കോഴിക്കോട്‌: പൊതു പണിമുടക്കില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നഷ്ടമായത് ഏകദേശം 2200 കോടി രൂപ.

Ads By Google

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് പ്രതിദിനം 1100 കോടിയുടെ ഇടപാടുകളാണ് സംസ്ഥാനത്ത് നടക്കുന്നത്.

സുഗന്ധ വ്യഞ്ജന വിപണികള്‍, മലഞ്ചരക്ക്, ചില്ലറ വില്‍പ്പന മേഖല, വിനോദ സഞ്ചാര മേഖല എന്നിവക്കാണ് കൂടുതല്‍ ആഘാതം നേരിടേണ്ടി വന്നത്. എന്നാല്‍ ഓരോ മേഖലയിലേയും കൃത്യമായ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകുന്നതേയുള്ളൂ.

പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ആ ദിവസങ്ങളിലെ ശമ്പളം ലാഭിച്ച് ആദായമുണ്ടാക്കിയെങ്കിലും നികുതി ഇനത്തില്‍ ലഭിക്കേണ്ട 200 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.

സമസ്ത മേഖലകളെയും 48 മണിക്കൂര്‍ സ്തംഭിപ്പിച്ച പണിമുടക്കിന്റെ ആഘാതം മറികടക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ കണക്കുകൂട്ടല്‍.

ഉല്‍പ്പാദന ശാലകളും മറ്റും രണ്ടുദിവസം അടച്ചിടുമ്പോള്‍ വൈദ്യുതി ചാര്‍ജിലുണ്ടാകുന്ന കുറവെങ്കിലും ഉടമക്ക് ലഭിക്കും. എന്നാല്‍, ചില്ലറ വില്‍പ്പന ശാലകളും മറ്റും നടത്തുന്നവര്‍ക്ക് കച്ചവടം നടക്കാത്തതിലുള്ള നഷ്ടത്തിന് പുറമെ ചെലവിനുള്ള പണവും കണ്ടെത്തേണ്ട സ്ഥിതിയാണ്.

പ്രമുഖ വിനോദ സഞ്ചാര വെബ്‌സൈറ്റുകള്‍ പണിമുടക്ക് ദിവസം കേരളത്തില്‍ കടക്കരുതെന്ന ഉപദേശമാണ് വിദേശികള്‍ക്ക് നല്‍കിയത്. ഇന്ത്യ മുഴുവന്‍ സമരമാണെങ്കിലും കേരളത്തില്‍ പച്ച വെള്ളം കിട്ടില്ലെന്നാണ് മുന്നറിയിപ്പ്. ഇതുമൂലം കോടികളുടെ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയില്‍ സംഭവിച്ചത്.

Advertisement