കൊച്ചി: നാലുമുതല്‍ ആറുമാസം വരെയായി ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കൊച്ചി മെട്രോയിലെ നിര്‍മാണ തൊഴിലാളികള്‍. കളമശേരിക്കടുത്ത് സോമ എന്റര്‍പ്രൈസിന്റെ മെട്രോയാഡിലെ തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിരവധി പരാതി നല്‍കിയിട്ടും കുടിശ്ശിക നല്‍കിയിലെന്നാരോപിച്ച് ഒരാഴ്ചയായി തൊഴിലാളികള്‍ സമരം ചെയ്യുകയാണ്. 200 ഓളം തൊഴിലാളികളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും അസ്സം, സിക്കിം, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

‘കമ്പനി സ്റ്റാഫായവര്‍ക്ക് ആറുമാസത്തോളവും കരാര്‍ അടിസ്ഥാനത്തില്‍ വന്നവര്‍ക്ക് നാലുമാസത്തോളവുമായി ശമ്പളം ലഭിച്ചിട്ടില്ല’ എന്നാണ് തൊഴിലാളികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ടു ചെയ്യുന്നത്.


Also Read:ദളിത് യുവതിയെ പീഡിപ്പിച്ചു; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: കൈരളി ചാനല്‍ ക്യാമറമാനെതിരെ കേസ്


പലതവണ വേതനം ആവശ്യപ്പെട്ടിട്ടും ബില്ല് ശരിയായില്ലെന്നാണ് കമ്പനി മറുപടി നല്‍കിയതെന്നും ഇവര്‍ പറയുന്നു. എട്ടായിരം മുതല്‍ പതിനയ്യായിരം രൂപവരെയാണ് ഇവരുടെ ശമ്പളം. ഇതില്‍ നിന്നും 2400രൂപ കമ്പനി സ്റ്റാഫായ തൊഴിലാളികളില്‍ നിന്നും 2850രൂപ കരാര്‍ തൊഴിലാളികളില്‍ നിന്നും ഭക്ഷണത്തിനുള്ള ചിലവായി ഈടാക്കും. ഭരണവും താമസസൗകര്യവും ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.

ഇ. ശ്രീധരന്‍ മുഖ്യ ഉപദേശകനായിട്ടുള്ള ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് ബില്ലുകള്‍ തീര്‍ക്കുന്നതും കമ്പനിയുമായി പണമിടപാട് നടത്തുന്നതും. തൊിലാളികളുടെ ശമ്പളം വൈകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സോമഎന്റര്‍പ്രൈസിനാണെന്നാണ് ഡി.എം.ആര്‍.സിയുടെ വാദം. രേഖകള്‍ കൃത്യമായിരുന്നെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ തങ്ങള്‍ ബില്ലുപാസാക്കി നല്‍കുമെന്ന് ഡി.എം.ആര്‍.സി വക്താവ് നാരായണനെ ഉദ്ധരിച്ച് ഐ.ഇ മലയാളം റിപ്പോര്‍ട്ടു ചെയ്യുന്നു.