കോഴിക്കോട്: വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്.

ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും തൊഴില്‍ സുരക്ഷക്കായുള്ള രേഖകളും നല്കാതെ മാനേജ്‌മെന്റ് തുടര്‍ച്ചയായി വാഗ്ദാനലംഘനം നടത്തി വഞ്ചനാപരമായ നടപടികള്‍ കൈക്കൊണ്ടതുമൂലം വര്‍ത്തമാനം സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇപ്പോള്‍ സമരത്തിലാണ്.

Ads By Google

കഴിഞ്ഞ ജനുവരി പത്ത് മുതല്‍ ആരംഭിച്ച സമരം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി ഈമാസം 26ന് വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടക്കും.

കേരളത്തിലെ എല്ലാ പ്രസ്‌ക്ലബ്ബുകളിലെയും വര്‍ത്തമാനം ബോക്‌സുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുംവരെ വര്‍ത്തമാനം പ്രതിനിധികളെ പത്രസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നതടക്കമുള്ള തീരുമാനങ്ങളും നേതൃത്വം സ്വീകരിച്ചിട്ടുണ്ട്.

ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കുന്ന മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് വര്‍ത്തമാനം നടന്നുവരുന്നത്. എന്നാല്‍ ഇപ്പോള്‍ പത്രം തങ്ങളുടേതാണോ എന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാനാകാതെ ഉരുണ്ടുകളിക്കേണ്ട ഗതികേടിലാണ് നേതൃത്വം.

പത്രം നടത്തിപ്പുകാരായിരുന്ന മീഡിയാവ്യൂ കമ്പനി തുടര്‍ച്ചയായുണ്ടായ സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാവത്തതിനെ തുടര്‍ന്ന് നടത്തിപ്പ് മുജാഹിദ് വിദ്യാര്‍ഥി-യുവജന വിഭാഗത്തിലെ ഭാരവാഹികളായിരുന്ന രണ്ടുപേരെ (കെ ഹര്‍ഷിദ് മാത്തോട്ടം, വി.കെ.ആസിഫലി) ഏല്പിക്കുകയായിരുന്നു.

വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പേരില്‍ ഇവര്‍ പുതിയ കമ്പനിയുണ്ടാക്കുകയും വര്‍ത്തമാനം ടൈറ്റില്‍ അടക്കമുള്ള മീഡിയാ വ്യൂ കമ്പനിയുടെ ചില ആസ്തികള്‍ സ്വന്തമാക്കുകയും ചെയ്തു.

വര്‍ത്തമാനം വെഞ്ചേഴ്‌സിനു വര്‍ത്തമാനം ലീസിനു നല്കാനാണ് മുജാഹിദ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനമുണ്ടായതെങ്കിലും അതിന് വിരുദ്ധമായി വര്‍ത്തമാനം ടൈറ്റില്‍ ആസിഫലിയുടെ പേരിലേക്കു മാറ്റുകയുണ്ടായി.

വര്‍ത്തമാനത്തിന്റെ മുഖ്യസമ്പാദ്യങ്ങളിലൊന്നായ വര്‍ത്തമാനം ടൈറ്റില്‍ ആസിഫലിക്കു ഒരു ഉറുപ്പികയുടെ പോലും ചിലവില്ലാതെ സ്വകാര്യമായി പതിച്ചുനല്കിയതിനെതിരെ സംഘടനയില്‍ അഭിപ്രായഭിന്നത പുകയുകയാണ്.

വാടകക്കു വന്നവന് വാടകപോലും നല്കാതെ ഉടമസ്ഥാവകാശം തന്നെ പതിച്ചുനല്കിയതിനെതിരെ സംഘടനയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. വര്‍ത്തമാനത്തിലേക്കായി നാട്ടില്‍നിന്നും വിദേശത്തുനിന്നുമായി ലക്ഷങ്ങള്‍ പിരിക്കുകയും പലരില്‍നിന്നും ലക്ഷങ്ങള്‍ ഷെയര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവരെയൊന്നും അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ഇത്തരമൊരു ഇടപാട് സ്വകാര്യമായി നടന്നിട്ടുള്ളത്. ആയതിനാല്‍തന്നെ വര്‍ത്തമാനം ടൈറ്റില്‍ ആസിഫലിയില്‍നിന്നും തിരിച്ചുപിടിക്കണമെന്ന ശക്തമായ വികാരമാണ് സംഘടനയിലുള്ളത്. പത്രത്തിന്റെ പ്രസ്സും സ്ഥലവും കെട്ടിടവുമെല്ലാം ഇപ്രകാരം വിറ്റുതുലച്ചതും ഷെയര്‍ ഉടമകള്‍ അറിയാതെയാണ്.

നിലവിലെ ജീവനക്കാരെ പൂര്‍ണമായി നിലര്‍ത്തിക്കൊണ്ടും വേജ്‌ബോര്‍ഡ്, ജോലിസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്കിയുമാണ് പുതിയ കമ്പനി (വര്‍ത്തമാനം വെഞ്ചേഴ്‌സ്) പത്രം ഏറ്റെടുത്തത്. പുതിയ കമ്പനിയുടെ അധികാര കൈമാറ്റം (2012 ജൂലൈ 1) കഴിഞ്ഞ് ഒരാഴ്ച്ചക്കകം നിയമന ഉത്തരവ് ജീവനക്കാര്‍ക്കു നല്കുമെന്നായിരുന്നു ഉറപ്പ്.

ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് നിയമനരേഖ നല്കാമെന്നും ആറുമാസത്തിനകം വേജ്‌ബോര്‍ഡ് ശമ്പളം നല്കുമെന്നും ആവര്‍ത്തിച്ച, മാനേജ്‌മെന്റിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് തുച്ഛമായ വേതനത്തിലും പരിമിതമായ വിഭവങ്ങളിലും വര്‍ത്തമാനത്തിന്റെ ജീവശ്വാസം നിലനിര്‍ത്താന്‍ ജീവനക്കാര്‍ അഹോരാത്രം പരിശ്രമിച്ചത്.

എന്നാല്‍ ആറുമാസമായിട്ടും ജീവനക്കാര്‍ക്കു ശമ്പള വര്‍ധനവ് നല്കുന്നതുപോയിട്ട് നിയമന ഉത്തരവ് പോലും നല്കാതെ വഞ്ചനാപരമായ നിലപാടാണ് മാനേജ്‌മെന്റ് കൈകൊണ്ടത്. വാക്കു പാലിക്കപ്പെടാതെ പോയപ്പോഴെല്ലാം വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അപ്പോഴെല്ലാം ഓരോരോ പുതിയ തിയ്യതി പറയുക എന്നല്ലാതെ കാര്യങ്ങളൊന്നും നടന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.