ന്യൂദല്‍ഹി പ്രസാര്‍ ഭാരതി ജീവവക്കാരുടെ സമരത്തെത്തുടര്‍ന്ന് ആകാശവാണി ദൂരദര്‍ശന്‍ നിലയങ്ങളുടെ സംപ്രേഷണം നിലച്ചു. ആകാശിവാണിയുടെ സംപ്രേഷണം പൂര്‍ണമായും ദൂരദര്‍ശന്‍ ഭാഗികമായുമാണ് തടസ്സപ്പെട്ടത്.

പതിമൂന്ന് വര്‍ഷമായി തുടരുന്ന പ്രസാര്‍ഭാരതി നിയമം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രസാര്‍ ഭാരതി ബോര്‍ഡ് നിലവില്‍ വന്നശേഷം ഈ നിയമംകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഇക്കാര്യത്തെക്കുറിച്ച് ബോര്‍ഡും ജീവനക്കാരും ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരപരിപാടികളുമായി മുന്നോട്ട പോകുന്നത്.

നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ നീളുന്ന സമരം തുടങ്ങിയത് ഇന്നുരാവിലെ ഒന്‍പതുമണിക്കാണ്. കേരളത്തിലും സമരം പൂര്‍ണമാണ്. കേരളത്തിലെ 13 റേഡിയോ സ്‌റ്റേഷനുകളുടേയും പ്രവര്‍ത്തനം നിലച്ചു.
ദൂരദര്‍ശന്റെ വാര്‍ത്താ വിഭാഗം സമരത്തില്‍ നിന്നും വിട്ടുനിന്നു. അതിനാല്‍ വാര്‍ത്താ സംപ്രേഷണത്തിന് തടസ്സമുണ്ടാവില്ല.