കൊല്ലം: പാരിപ്പളളി ഐ.ഒ.സി ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വേതനവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

Ads By Google

പ്ലാന്റിലെ 210 മോട്ടോര്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ തെക്കന്‍കേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലാകും.

സമരം ഒഴിവാക്കാന്‍ ലേബര്‍ കമ്മീഷണര്‍, തൊഴിലാളികളും ട്രക്കുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വേതന വര്‍ധനയാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരരംഗത്താണ്.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള 110 ലോഡ് സിലിണ്ടറുകളാണ് പ്രതിദിനം ഇവിടെ നിന്നും പുറപ്പെടുന്നത്. ഈ ലോഡുകളില്‍ കൈകാര്യം ചെയ്യാറുള്ള 36,000 സിലിണ്ടറുകളുടെ വിതരണം നിലയ്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഒക്ടോബര്‍ 12നും തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും ലേബര്‍ കമ്മിഷണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.