സാവാപോളോ: സ്‌റ്റേഡിയം നിര്‍മ്മാണ നവീകരണ തൊഴിലാളികള്‍ ദേശവ്യാപക സമരത്തിന് ഒരുങ്ങുന്നത് 2014ലെ ലോകകപ്പ് ഫുട്‌ബോളിന് ഭീഷണിയാകുന്നു. അര്‍ഹമായ വേതനം നല്‍കാത്തതും തൊഴിലാളികളെ രണ്ട് തട്ടിലാക്കി വ്യത്യസ്ത വേതനം നല്‍കുന്നതും അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ദേശീയ തൊഴിലാളി സംഘടനയായ സി.യു.ടി സമരഭീഷണി മുഴക്കിയത്.

ലോകകപ്പിന് വേദിയാകുന്ന പന്ത്രണ്ട് നഗരങ്ങളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമരത്തെ തുടര്‍ന്ന് മുടങ്ങും. ഫിഫയുടെ ഷെഡ്യൂള്‍ പ്രകാരം ബ്രസീല്‍
ഇപ്പോള്‍ തന്നെ അഞ്ച് മാസം പിറകിലാണ്. അടുത്ത വര്‍ഷം ലോകകപ്പിന് മുന്നോടിയായി നടക്കുന്ന കോണ്‍ഫഡറേഷന്‍സ് കപ്പിന്റെ ഒരുക്കങ്ങളെയും സമരം ബാധിക്കും.

ലോകകപ്പ് ഫൈനലിന് വേദിയാവുന്ന റിയോ ഡി ജനീറോയിലെ മറക്കാന സ്‌റ്റേഡിയം നിര്‍മ്മാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഇവിടെ തൊഴിലാളി സമരം നടന്നിരുന്നു. തൊഴിലാളി സംഘടനാ നേതാവ് ക്ലോഡിയോ ഡ ഡിസല്‍വ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് ലോകകപ്പ് സംഘാടക സമിതിയ്ക്കും സര്‍ക്കാരിനും മുന്നില്‍ വെച്ചത്.

ഇതില്‍ ഒന്നാമത്തേത് തൊഴിലാളികള്‍ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തുക എന്നുള്ളതാണ്. വിവിധ നഗരങ്ങളില്‍ ഒരേ ജോലിചെയ്യുന്നവര്‍ വ്യത്യസ്ത കൂലിയാണ് കൈപ്പറ്റുന്നത്. ചിലര്‍ക്ക് ഉയര്‍ന്ന വേതനവും മറ്റ് സൗകര്യങ്ങളും നല്‍കുമ്പോള്‍ ചിലയിടങ്ങളില്‍ അടിസ്ഥാന വേതനം പോലും നല്‍കുന്നില്ല. അടിസ്ഥാന ശബളം 580 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം.

സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്ന് ലോകകപ്പ് സംഘാടകര്‍ക്കും കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും നല്‍കിയ കത്തില്‍ തൊഴിലാളി സംഘടന അറിയിച്ചു.

പന്ത്രണ്ട് നഗരങ്ങളിലായി ഇരുപതിനായിരത്തിലേറെ തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് തൊഴിലാളി യൂണിയന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഫിഫ നിരന്തരം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
Malayalam News

Kerala News In English