തിരുവനന്തപുരം: തെരുവ് നായ കേസില്‍ സാമൂഹ്യപ്രവര്‍ത്തകനായ ജോസ് മാവേലിക്ക് എതിരായ കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു.

കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചത്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ക്കും എതിരായ കോടതി അലക്ഷ്യ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് ജോസ് മാവേലിയെ പൊലീസ് കഴിഞ്ഞവര്‍ഷംഅറസ്റ്റ് ചെയ്തിരുന്നു. നെടുമ്പാശേരി പൊലീസായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


Dont Miss ഉത്തരക്കടലാസില്‍ ചോദ്യം എഴുതി; മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതായി ആരോപണം


എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

പഞ്ചായത്ത് ഭരണസമിതി മുന്‍കൈയ്യെടുത്തായിരുന്നു തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. 25 നായ്ക്കളെ കൊന്നൊടുക്കിയെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് നായകളെ കൊന്നൊടുക്കിയത്.

എന്നാല്‍ നായപിടുത്തത്തിന്റെ പേരില്‍ അതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ജോസ് മാവേലിക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് നിര്‍ദേശിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്.