ലണ്ടന്‍: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ ശക്തമായ നിലയിലാണ്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒന്നാം ഇന്നിങ്‌സില്‍ 75 റണ്‍സ് എടുത്തിട്ടുണ്ട്.

38 റണ്‍സോടെ സ്‌ട്രോസും 34 റണ്‍സോടെ കുക്കുമാണ് ക്രീസില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രസം കൊല്ലിയായെത്തിയ മഴ കാരണം ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചിട്ടില്ല.

പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റും തോറ്റ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഓവല്‍ ടെസ്റ്റ്. ഇവിടെയും തോറ്റാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ സമ്പൂര്‍ണ്ണ പരാജയം നാണക്കേട് കൂടി ഇന്ത്യക്ക് പേറേണ്ടി വരും.

തോറ്റാല്‍ ഒന്നാം റാങ്ക് ആദ്യമേ ഇംഗ്ലണ്ടിന് അടിയറവെച്ച ഇന്ത്യക്ക് നിലവിലെ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കക്ക് കൈമാറേണ്ടി വരും. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പ്രവീണ്‍കുമാറിന് പകരം ആര്‍.പി.സിങ അന്തിമ ഇലവനില്‍ ഇടംനേടി.