പാലക്കാട്: അട്ടപ്പാടി വനത്തിനുളളില്‍ അജ്ഞാത സായുധസംഘത്തെ കണ്ടെന്ന വിവരത്തില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ അഞ്ച് മണിക്കൂറോളം വനത്തിനുളളില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

Ads By Google

തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. അതേസമയം സായുധസംഘത്തെ കണ്ടെന്നും ഇവരുമായി സംസാരിച്ചെന്നും കക്കുംപടി ഊരിലെ ആദിവാസി മണി ഉറപ്പിച്ചു പറയുന്നു. മുക്കാലി മല്ലീശ്വരന്‍ മലയുടെ താഴ്‌വാരത്ത് ഒരേ പോലെ വസ്ത്രം ധരിച്ച 17 അംഗ സായുധ സംഘത്തെ കണ്ടതായാണ്‌ മണി അഗളിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഭവാനിപ്പുഴയുടെ തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മണി സംഘത്തെ കണ്ടതായി പറഞ്ഞത്. ഇതനുസരിച്ച് അഗളി പൊലീസും വനം ഉദ്യോഗസ്ഥരും ഇയാളുമായി സ്ഥലത്ത് പോയി പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്നും തെളിവുകളൊന്നും ലഭിച്ചില്ല.

കാട്ടില്‍ നിന്നും വിറക് ശേഖരിക്കുന്നതിനിടെ മണിയെ സംഘം കണ്ടെന്നും അതിലൊരാളുമായി സംസാരിച്ചെന്നും മണി പറയുന്നു. ഏറെ യാത്ര ചെയ്ത് അവശനിലയിലായിരുന്ന സംഘത്തില്‍ എല്ലാവരുടെയും കൈയില്‍ ആയുധമുണ്ടായിരുന്നതായും ഇയാള്‍ പറയുന്നു.

സംഭവത്തില്‍ തമിഴ്‌നാട് പൊലീസിനും വനംവകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. മേഖലയിലെ റോഡുകളില്‍ വാഹനപരിശോധനയും കര്‍ശനമാക്കി. സൈലന്റ് വാലി വനമേഖലയില്‍ പെടുന്ന അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളടക്കമുളള നിരോധിത സംഘടനകളുടെ സാന്നിധ്യമുളളതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.