എഡിറ്റര്‍
എഡിറ്റര്‍
കെ.എല്‍. 54 ബി. 113
എഡിറ്റര്‍
Monday 4th June 2012 6:46pm

കഥ/മനു വി.എസ്
വര/മജിനി

പണ്ടുപണ്ട് വളരെ പണ്ട് നമ്മള്‍ പറഞ്ഞിരുന്നു;

‘ഏഴര ബസ്സെനിക്കിഷ്ടമാണ്.
അതേഴരയ്ക്ക് വരുന്നതുകൊണ്ടല്ല.
എനിക്കേഴരയ്ക്ക് പോകാനുണ്ട്.’

പിന്നെപ്പിന്നെ നമ്മള്‍ വലുതായി, കോളേജില്‍ പോക്കു നിര്‍ത്തി, പണിക്കു പോയിത്തുടങ്ങി. നമ്മുടെ ബസ്സിപ്പോള്‍ ഒമ്പതേ ഇരിപതിനാണ്. ചില ദിവസങ്ങളില്‍ ബസ്സ് നേരത്തേ വരികയും മറ്റു ചില ദിസങ്ങളില്‍ അങ്ങനെ തോന്നിക്കാറുമുണ്ട്. ആദ്യം അരിശം, പിന്നെ അങ്കലാപ്പ്. ഓട്ടോ വിളിച്ചു പോകേണ്ടി വരും. പണിസ്ഥലത്തെ താക്കോല്‍ അപ്പോള്‍ അക്കാലത്ത് നമ്മടെ കൈയ്യിലാണല്ലോ.

മഴക്കാലം വന്നതോടെയാണ് ബസ്സിലെ മറ്റ് യാത്രക്കാരെ ശ്രദ്ധിക്കാതെയായത്. മഴക്കാറ്റില്‍ പാറുന്ന സൈഡ് കര്‍ട്ടന്റെ അടിയിലൂടെ വരുന്ന മഴത്തുള്ളികളെ കാത്തിരുന്ന് ശപിക്കും. ചിലപ്പോള്‍ കുളിര്‍ന്ന് ചിരിക്കും.

പക്ഷേ കള്ളനെ ഞാന്‍ ബസ്സില്‍ വെച്ച് കണ്ടത് മഴ വരുന്നതിനും മുമ്പാണ്. ഓരോ വാതിലും ശബ്ദമുണ്ടാക്കതെ തുറന്ന് ഓരോ ചുവടും ശ്രദ്ധയോടെ വച്ച്, കള്ളന്‍മാര്‍ക്ക് മാത്രമറിയാവുന്ന മാന്ത്രിക വിദ്യകൊണ്ട് മോഷണ മുതലുകള്‍ കണ്ടെത്തി തിരിഞ്ഞു നടക്കുമ്പോള്‍ അയ്യാളുടെ നടത്തത്തിന് ഒച്ച വന്നു. ഒടുവില്‍ പൂരപ്പറമ്പില്‍ നിന്ന് ഓടിക്കൂടി, കിട്ടാത്ത കള്ളനെ തിരയുന്ന നാട്ടുകാരുടെ കൂട്ടത്തില്‍ അയാളും, കള്ളന്‍!

‘കൂടെക്കൂട്ടി
തിരിഞ്ഞു നടക്കുമ്പോഴാണല്ലോ
നിന്റെ നെടുവീര്‍പ്പ്.
ഹൊ! ഇത്രയേറെ മലകള്‍
ഞാന്‍ ചാടിക്കടന്നുവോ?
ഇത്ര നദികള്‍ ഞാന്‍
നീന്തിക്കയറിയോ?
എന്നിട്ടുമെനിക്കിതാണല്ലോ സ്വര്‍ഗ്ഗം’

ഇല്ല; ഇതില്‍ പകുതിപോലും ആ കളവു മുതല്‍ അയാളോട് പറഞ്ഞുകാണില്ല. ഉറപ്പ്.

അതിനെവിടെ സമയം? ഇത്തിരി ദൂരമേയുള്ളു, ബസ്സ് യാത്ര. ഏറിയാല്‍ ഇരുപത് മിനിട്ട്. ബസ്സിലെന്നുമുണ്ടാവാറുള്ള ഒരേട്ടന്‍ ഒരിക്കല്‍ മാത്രം വിമാനത്തില്‍ കയറി ഗല്‍ഫിലേക്ക് പോയത്രേ. ബാക്കിയുള്ള സ്ഥിരക്കാരൊക്കെ ഇപ്പോഴുമുണ്ട്.

ഉത്സവ സീസണില്‍ ചുവന്ന ചോക്ലേറ്റ് മിഠായിയും പിന്നീട് കടലയും വിറ്റു നടന്ന കൊച്ചു പയ്യന്‍ വൈകിട്ട് അഞ്ചേ മുക്കാലിനുള്ള ഇതേ വണ്ടിയില്‍ ലോട്ടറി വില്‍ക്കുന്നു. പെട്ടെന്ന് എന്തോ വിഷമം വന്നു. ശരി, നാളെ ലോട്ടെറിയെടുക്കാം. അങ്ങനെ ആശ്വസിച്ചു. എന്താണെന്നറിയില്ല, വഴിയോരത്തെ വയ്യാത്ത ആളിനെ കാണുമ്പോഴും നാളെ സഹായിക്കാം എന്നാണ് തോന്നിയത്. ബസ്സിലെ കണ്ടക്ടറാകട്ടെ ബാക്കി തരാനുള്ള അമ്പതു പൈസ ‘നാളെ തരാം’ എന്നുകൂടി പറയുന്നില്ല. അപ്പോള്‍ നമ്മളാണ് ഭേദം.

വൈകിട്ടത്തെ ബസ്സിലെ രസകരമായ വിശേഷങ്ങള്‍ ആ പ്രത്യേക സ്റ്റോപ്പില്‍ തുടങ്ങുന്നു-സൂരജ് ബാര്‍! മൂന്നാലു വയോധികന്മാരാണ് വിശേഷാല്‍ പ്രതികള്‍. നിറഞ്ഞു തുളുമ്പുന്ന കുഞ്ഞു ബസ്സിലേയ്ക്ക് ആടിക്കുഴഞ്ഞ് ആ കൂട്ടുകാര്‍ കയറുന്നു.

‘കൊറച്ച് നീച്ചിന്നാണി മക്കളെ, വയസ്സന്‍മാര് ഇരിക്കട്ടെ.’ ഇതു പേടിച്ച് പുറകിലെ സീറ്റില്‍ കുട്ടികളും യുവാക്കന്‍മാരും ഇരിക്കാതെയായി. ഈയ്യിടെ മുന്‍ഭാഗത്തിരിക്കുകയായിരുന്ന നമ്മുടെ അടുത്തും ആളെത്തി. ‘ഇരിക്കണോ’ എന്ന് വെറുതെ ചോദിച്ചതാണ്.
‘ആ തരക്കേടൊന്നൂല്യ ഇരിക്കാന്‍.’

ഇനിയുമുണ്ടല്ലോ ആളുകള്‍-മാഷ്, സ്റ്റുഡിയോക്കാരന്‍, ഇനിയും ഇരിക്കാത്ത കുട്ടികള്‍, എന്നും ഭാര്യയ്ക്ക് സീറ്റ് പിടിക്കുന്ന ഭര്‍ത്താവ്, എങ്ങോട്ടോ പോകുന്ന പെണ്‍കുട്ടികള്‍, ഇടയ്ക്കിടെ കണ്ടക്ടറായി രൂപാന്തരം പ്രാപിക്കാറുള്ള കിളി, ‘ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്’ എന്ന പാട്ട് മാത്രം ഇടാനറിയാവുന്ന ഡ്രൈവര്‍…. ഞങ്ങളൊരു വന്‍ സംഘമാണ്.

ഇന്നാളൊരു ദിവസം റോഡിലെ ഒരു വളവില്‍ നമ്മുടെ ബസ്സും ഒരു കാറും അങ്ങോട്ടുമിങ്ങോട്ടും പോകാവനാവാതെ നില്‍ക്കുന്നു. ബസ്സിന്റെ മുന്നില്‍ കുഴി, കാറിന്റെ മുന്നില്‍ കല്ല്. ‘വണ്ടിയെടുത്ത് മാറ്റെടാ’, ‘എന്തെണ്ടാ കാട്ടണ്’, ‘അറിയില്ലെങ്കില്‍ ഇങ്ങോട്ട് മാറെടാ. ഞാനെടുത്ത് മാറ്റാം വണ്ടി’.. എല്ലാം നമ്മുടെ ബസ്സിലെ അംഗങ്ങള്‍ കാറുകാരനോടാക്രോശിക്കുന്നതാണ്.

ഇന്നലെ, ബസ്സില്‍ നിന്നും തിരിഞ്ഞു നോക്കി ഒന്നിറങ്ങേണ്ടി വന്നു. മറ്റൊന്നുമല്ല. ഞാനൊരു വണ്ടി വാങ്ങി, ഒരു മോട്ടോര്‍ സൈക്കിള്‍; അങ്ങനെ നമ്മളും ബസ്സിന്റെ സാമൂഹ്യതയില്‍ നിന്ന് ഈ സ്വകാര്യതയിലേയ്ക്ക്.
വല്ലപ്പോഴും വണ്ടി കേടുവരുമ്പോളൊക്കെ ബസ്സില്‍ കേറിയേക്കാം അല്ലേ? തിരക്കു വരുമ്പോള്‍ പക്ഷേ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. ആളുകള്‍ കാലില്‍ ചവിട്ടുമ്പോള്‍ സഹിക്കാന്‍ കഴിയുമോ? പുറകിലെ സീറ്റില്‍ ഇനിയുമൊരാള്‍ക്ക് ഇരിക്കാന്‍ തല തിരിക്കുമായിരിക്കും. മഴക്കാലത്ത് നനഞ്ഞ സൈഡ് സീറ്റ്, ഇനി കയറുന്നവനായിരിക്കും. അഞ്ചു രൂപാ കൊടുത്ത് കണ്ടക്ടറുടെ മുഖത്തേയ്ക്ക് നോക്കി, ബാക്കിക്ക് കൈ നീട്ടിയിരിക്കും. അതു കഴിഞ്ഞ് ആരെയും കാണാതെ പുറത്തേക്ക് നോക്കിയിരിക്കും.

ഞാനൊരു വണ്ടി വാങ്ങി.
ഞാനൊരു വണ്ടി വാങ്ങി.

ഈ രാവിലെ വണ്ടി സ്റ്റാര്‍ട്ടാകുന്നേയില്ല. ദാ, വീടിന്റെ മുന്നിലൂടെ പോകുന്നു, ഒമ്പതേ ഇരുപതിന്റെ ബസ്സ്. വണ്ടി സ്റ്റാര്‍ട്ടായി. പുറകേ വച്ചു പിടിക്കാം. ബസ്സിന്റെ പുറകേ വച്ചു പിടിച്ചിരിക്കുകയാണ്. കീ..കീ..കീ..

Advertisement