കഥ


ഒരിടത്തോരിടത്ത് ചിക്കു എന്നുപേരുള്ള ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. എപ്പോഴും കളിക്കാനാണവനിഷ്ടം. എല്ലാ പക്ഷികളും മൃഗങ്ങളും അവന്റെ കൂട്ടുകാരായിരുന്നു. സ്‌നേഹിക്കാന്‍മാത്രം അറിയാവുന്ന അവനെ മറ്റുള്ളവര്‍ക്കും ഇഷ്ടമായിരുന്നു.

അന്നോരുദിവസം ചിക്കു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നതാ അവന്റെ മുന്നിലൊരു പൂമ്പാറ്റ. വര്‍ണ്ണ ചിറകുകള്‍വീശി പൂക്കളായ പൂക്കളിലൊക്കെ പാറിപ്പറന്നു പോകുന്ന പൂമ്പാറ്റയെ അവന് വളരെ ഇഷ്ടമായി. നിഷ്‌കളങ്കനായ അവനെ പൂമ്പാറ്റക്കും ഏറെ ഇഷ്ടപ്പെട്ടു.അങ്ങനെ അവര്‍ കൂട്ടുകാരായി. ഇരുവരും പൂക്കളുടെ ഇടയിലൂടെ ഒടിക്കളിക്കുവാന്‍ തുടങ്ങി.

പെട്ടെന്ന് പൂമ്പാറ്റ ദൂരേക്ക് പറക്കാന്‍ തുടങ്ങി. അവനും പിന്നാലെ പാഞ്ഞു. പെട്ടെന്ന് ഒരിലയുടെ അടിയില്‍ എന്തോ അനങ്ങുന്നതുപോലെ ചിക്കുവിന് തോന്നി.

ചിക്കു പേടിച്ചുപോയി. അയ്യോ ഇതെന്തു വികൃതമായ ജിവിയാണ്. ‘ഞാനൊരു പുഴുവാണ്.’-ജീവി പറഞ്ഞു.

‘അയ്യേ എനിക്ക് നിന്നെ ഇഷ്ടമല്ല. നിനക്ക് കാണാന്‍ ഒരു ചന്തവുമില്ല’, ചിക്കു പറഞ്ഞു.

ഇതെല്ലാം മരത്തിലിരുന്ന് മറ്റൊരാള്‍ കാണുന്നുണ്ടായിരുന്നു. ഒരു കുരങ്ങച്ചന്‍.

കുരങ്ങച്ചന്‍ ചോദിച്ചു, ‘എന്തു പറ്റി ചിക്കു?’

ചിക്കു പറഞ്ഞു, ‘എനിക്ക് ഈ പുഴുവിനെ ഒട്ടും ഇഷ്ടമായില്ല. അതിന് കാണാന്‍ ഒരു ചന്തോം ഇല്ല.’

അപ്പോള്‍ കുരങ്ങച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ചിക്കു, നീ ഇതുവരെ കളിച്ചുകൊണ്ടിരുന്ന പൂമ്പാറ്റയില്ലെ. അവള്‍ ഈ പുഴുവില്‍ നിന്നാണ് ഉണ്ടായത്. അറിയോ?’

ചിക്കുവിന് ഇതുകേട്ട് അത്ഭുതമായി. ഈ ഭംഗിയില്ലാത്ത പുഴുവില്‍ നിന്നാണോ അത്രയും സുന്ദരിയായ പൂമ്പാറ്റ ഉണ്ടായത്. അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല.

കുരങ്ങച്ചന്‍ പറഞ്ഞു,’നിനക്ക് വിശ്വാസമായില്ലെന്ന് എനിക്കറിയാം. നീ കുറച്ചു ദിവസം ഈ പുഴുവിനെ നിരീക്ഷിച്ചു നോക്കൂ.’

അവന്‍ സമ്മതിച്ചു.

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ പുഴു ഒരു ചെറിയ കൂട് സ്വയം ഉണ്ടാക്കി അതിനുള്ളില്‍ മയങ്ങാന്‍ തുടങ്ങി. ഇതു കണ്ട് ചിക്കു കുരങ്ങച്ചനോട് പുഴുവിന്റെ കൂടിനുള്ളിലെ ഉറക്കത്തെ കുറിച്ചു പറഞ്ഞു. ‘അതാണ് പ്യൂപ്പ. പൂമ്പാറ്റയാകുന്നതിനു മുമ്പുള്ള പുഴുവിന്റെ നിദ്രാവസ്ഥ.’ കുരങ്ങച്ചന്‍ ചിക്കുവിന് വിവരിച്ചു കൊടുത്തു.

ചിക്കു വീണ്ടും കാത്തിരുന്നു. ഒരു ദിവസമതാ കൂട് അനങ്ങാന്‍ തുടങ്ങി. അത് പോട്ടിപ്പിളര്‍ന്ന് വര്‍ണ്ണാഭമായ ഒരു സുന്ദരി പൂമ്പാറ്റ പാറിപ്പറന്നുവന്നു.അവന്‍ സന്തോഷം കൊണ്ട് കുരങ്ങച്ചന്റെയടുത്തേക്കോടി.

‘കുരങ്ങച്ചാ കുരങ്ങച്ചാ.. കുരങ്ങച്ചന്‍ പറഞ്ഞത് സത്യമായി! എനിക്ക് സന്തോഷമായി. ഇനി ഞാന്‍ ആരേയും വെറുക്കില്ല.’ ഇതും പറഞ്ഞ് പൂമ്പാറ്റയോടൊപ്പം കളിക്കാനായി അവന്‍ ഓടി.