story

(പുതിയ 2000 രൂപ നോട്ടുകളില്‍ ജി.പി.എസ് ചിപ്പുകള്‍ ഉണ്ടെന്ന പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളെ പരിഹസിച്ചുകൊണ്ട് പ്രവീണ്‍ മീനാക്ഷിക്കുട്ടിയെഴുതിയ കഥ)

അതെ, രണ്ടായിരത്തിന്റെ കെട്ടുകളായാണു പണം നഷ്ടപ്പെട്ടത്.

ബാങ്ക് മാനേജരുടെ ശബ്ദം വല്ലാതെ പതറിയിരുന്നു. ഒരുദിവസം മുഴുവന്‍ ലോക്കല്‍ പൊലീസിന്റെ മറിച്ചും തിരിച്ചുമുള്ള ചോദ്യം ചെയ്യലുകള്‍ അദ്ദേഹത്തെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു എന്ന് ഡിറ്റക്റ്റീവ് പുഷ്പരാജിനു മനസ്സിലായി. പരിസരമാകെ നിരീക്ഷിച്ച് തിരിച്ച് വന്ന പുഷ്പരാജിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

രാവിലെ നാസയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അമേരിക്കയെ സഹായിച്ചു ഇന്നു രാവിലെ കൊച്ചിയിലെത്തിയ അദ്ദേഹത്തിനു അത് വിശ്രമമില്ലാത്ത മറ്റൊരു ദിവസം മാത്രമായിരുന്നു.

‘എല്ലാവരും കുറച്ച് സമയം പുറത്തിറങ്ങി നില്‍ക്കുക.’ : പുഷ്പരാജിന്റെ ഘനഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി. തന്റെ ബാഗില്‍ നിന്ന് കണ്ടാല്‍ ചില്ലുകൊണ്ട് ഉണ്ടാക്കിയതെന്ന് തോന്നുന്ന ലാപ്‌ടോപ്പ് പോലത്തെ ഒരു ഉപകരണം അദ്ദേഹം പുറത്തെടുത്തു. അതിലെ മഞ്ഞ നിറത്തിലുള്ള ബട്ടണ്‍ അദ്ദേഹം അമര്‍ത്തി. ആ ഉപകരണത്തിന്റെ മുകള്‍ ഭാഗത്ത് ഒരു ആന്റിന ഉയര്‍ന്നു വന്നു. ഇന്ത്യാ ഗവണ്മെന്റ് അതീവരഹസ്യമായി വിക്ഷേപിച്ച രണ്ടായിരം മാക്എക്‌സ് എന്ന കൃത്രിമോപഗ്രഹവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചതായി അതിന്റെ സ്‌ക്രീനില്‍ മെസേജ് തെളിഞ്ഞു.

വെല്‍കം ഡിറ്റ്കറ്റീവ് പുഷ്പരാജ്

യുവര്‍ ആക്‌സസ് കോഡ് പ്ലീസ് : ഉപകരണത്തിലെ ചെറുസ്പീക്കറില്‍ നിന്ന് പുഷ്പരാജിന്റെ ചെവിയില്‍ ഘടിപ്പിച്ച രഹസ്യ സ്പീക്കറിലേക്ക് നിര്‍ദ്ദേശമെത്തി.

‘കുംഭകര്‍ണന്റെ ഗദ’ പുഷ്പരാജ് രഹസ്യകോഡ് മന്ത്രിച്ചു.

സ്‌ക്രീനില്‍ പുഷ്പരാജിന്റെ ചിത്രം തെളിഞ്ഞുവന്നു. നഷ്ടപ്പെട്ട രണ്ടായിരം രൂപയുടെ സീരിയല്‍ നമ്പര്‍ സീരീസ് പുഷ്പരാജ് അടിച്ചുകൊടുത്തു.

‘ലൊക്കേറ്റിങ്ങ്’ …. അല്പ്പം അക്ഷമയോടെ പുഷ്പരാജ് സ്‌ക്രീനിലേക്ക് നോക്കിയിരുന്നു.

ഇന്ത്യയുടെ മാപ്പ് തെളിഞ്ഞു വന്നു. പതിയെ അതു കേരളത്തിന്റേതായി. പിന്നീട് കൊച്ചിയുടേയും.. വീണ്ടും ലൊക്കേറ്റിങ്ങ് … പതിയെ കാക്കനാട്ടുള്ള ഒരു ഫ്‌ലാറ്റിന്റെ ചിത്രം സ്‌ക്രീനില്‍ തെളിഞ്ഞുവന്നു.

കൃത്രിമോപഗ്രഹം രണ്ടായിരംനോട്ടിലെ സെന്‍സറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു എന്ന് പുഷ്പരാജിനു മനസ്സിലായി. ഗവണമെന്റ് അതീവരഹസ്യമായി ഒരു പ്രത്യേകതരം ചിപ്പ് ആലേഖനം ചെയ്തുകൊണ്ടാണു പുതിയ നോട്ടിറക്കിയത് എന്നറിയാവുന്ന മൂന്നുപേരില്‍ ഒരാളാണു പുഷ്പരാജ്.

റിങ്ങ് അലാം/പാസ് ഇലക്‌റിസിറ്റി: സ്‌ക്രീനില്‍ അടുത്ത ഓപ്ഷണ്‍സ് തെളിഞ്ഞുവന്നു. പാസ് ഇലക്ട്രിസിറ്റി ഓപ്ഷന്‍ സെലക്റ്റ് ചെയ്യാന്‍ പുഷ്പരാജിനു രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഇനി ആ നോട്ടുകള്‍ തൊടാനോ അവിടെ നിന്ന് മാറ്റാനോ ആര്‍ക്കും പറ്റില്ല. അതിഭയങ്കരമായ വോള്‍ട്ടേജില്‍ കറന്റ് പ്രവഹിക്കുന്ന ഒരു അപകടകരമായ വസ്തുവായി ഏതാനും മണിക്കൂറുകള്‍ക്കകം അതു മാറിക്കഴിഞ്ഞു. ഫ്‌ലാറ്റിന്റെ ഡീറ്റയില്‍സ് പ്രിന്റ് എടുത്ത് പുറത്ത് തന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തു നില്‍ക്കുന്ന പോലീസിനെ ഏല്പ്പിച്ച് ഡിറ്റക്റ്റീവ് പുഷ്പരാജ് കാറിനരികിലേക്ക് നടന്നു.

കാറില്‍ മറന്നു വച്ച ഫോണിലേക്ക് നോക്കി. President Trump called you 19 times … വിശ്രമമില്ലാത്ത ദിവസങ്ങളിലേക്ക് പതിവുപോലെ ഡിറ്റക്റ്റീവ് പുഷ്പരാജ് വീണ്ടും യാത്രയായി…