എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യന്‍ എന്ന നിലയില്‍ ഒസ്സാ കാക്കയുടെ ജീവിതം
എഡിറ്റര്‍
Thursday 14th February 2013 1:00pm

പള്ളിയുടെ തൊട്ട് കിഴക്കുവശത്തായിരുന്നിട്ടും ഒരിക്കല്‍പോലും മുസ്ല്യാര്‍ക്ക് ചെലവ് ചോദിച്ച് ആരും ഒസ്സാ കാക്കയുടെ വീട്ടില്‍ മാത്രം എത്തിയില്ല. അവരുടെ വീട്ടില്‍നിന്ന് മറ്റുള്ളവര്‍ അങ്ങനെയൊന്നും ഭക്ഷണം കഴിക്കില്ലത്രെ. അവരുടെ വീട്ടിലെ കല്യാണത്തിന് പോയാല്‍ പോലും മുസ്ല്യാരടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാതെ കാശ് വാങ്ങി പോകുകയാണുപോലും. കെ.എ. സൈഫുദ്ദീന്‍ എഴുതുന്നു…


കണ്മുന / കെ.എ. സൈഫുദ്ദീന്‍

വര / മജിനി

വഴിയരികുകളില്‍ ബ്യൂട്ടി പാര്‍ലര്‍’ എന്ന ബോര്‍ഡ് കാണുമ്പോഴൊക്കെ ‘ഒസ്സാ കാക്കാ’യെ ഓര്‍ത്തുപോകും. ഒരായുസ്സിന്റെ നീളവും വീതിയുമത്രയും നാട്ടുകാരുടെ മുടിയും താടിയും മുഖവും വെടിപ്പാക്കാന്‍ വിനിയോഗിച്ചിട്ടും അയാള്‍ക്ക് ഒരു പേരില്ലായിരുന്നു. അല്ലെങ്കില്‍, ഒരു പേരില്‍ ആ മനുഷ്യന്‍ ഒരിക്കലും അറിയപ്പെട്ടിരുന്നില്ല.

Ads By Google

അയാള്‍ മുകളിലേക്ക് നോക്കുമായിരുന്നില്ല. എപ്പോഴും എന്തോ കളഞ്ഞുപോയപോലെ കാക്കാ നിലത്തുനോക്കി നടന്നു…

ആരുടെയും മുഖത്ത് അയാള്‍ നോക്കുമായിരുന്നില്ല. അതിന്റെ ആവശ്യം കാക്കായ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാവരും കാക്കായുടെ മുന്നില്‍ മുഖവും തലയും കുനിച്ചിരുന്നുകൊടുക്കുമായിരുന്നു. ആ നേരം കാക്കായുടെ തലയും അവര്‍ക്കു മുകളിലായി കുനിഞ്ഞ് തന്നെ നില്‍ക്കും.

അല്‍പനേരത്തെ അനുസരണത്തിന് ശേഷം ബാര്‍ബര്‍ ഷോപ്പില്‍ നിന്നിറങ്ങി അവര്‍ നീട്ടുന്ന ചുട്ട നോട്ടങ്ങളെ നേരിടാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാവും കാക്കായുടെ ശിരസ് താഴ്ന്നുതന്നെയിരുന്നത്.

പ്രധാന നിരത്തില്‍ നിന്നകന്ന ഒരു പറമ്പിന്റെ മൂലയിലായിരുന്നു കാക്കായുടെ ബാര്‍ബര്‍ ഷോപ്പ്. എല്ലാ അര്‍ത്ഥത്തിലും ഒരു ചെറ്റപ്പുര. കാക്കായ്‌ക്കെന്നപോലെ ആ ബാര്‍ബര്‍ ഷാപ്പിനും പേരില്ലായിരുന്നു.

രസം മങ്ങിയ വലിയൊരു കണ്ണാടി. അതിന് മുന്നില്‍ അല്‍പം ഉയരമുള്ള ചാഞ്ചാടുന്ന കസേര. ഒടിഞ്ഞ കാലില്‍ പട്ടിക കഷണത്തിന്റെ താങ്ങില്‍ ഉയര്‍ത്തിനിര്‍ത്തിയ പൂട്ടില്ലാത്ത ഒരു മേശ.

സത്യത്തില്‍ ആ മേശയില്‍ പൂട്ടിവെയ്ക്കാന്‍ കാക്കായ്ക്ക് ഒന്നുമില്ലായിരുന്നു. മൂര്‍ച്ചയില്ലാത്തതിനാല്‍ മുടി വലിച്ചുപറിക്കുന്ന വേദന തരുന്ന, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വിചിത്രമായ ഒരു യന്ത്രവും ഒന്ന് രണ്ട് കത്രികകളും മൂര്‍ച്ചയില്ലാത്ത ഒരു കത്തിയും അത് തേച്ച് മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന നീണ്ട ഒരു തോല്‍ ബെല്‍റ്റും, കൊക്കിന്റെ കഴുത്തുപോലെ പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഒരു കുപ്പിയും ഒഴികെ മറ്റൊന്നും.

ക്രിച്ചി… ക്രിച്ചി… ക്രിച്ചി… എന്ന ശബ്ദം പുറപ്പെടുവിക്കുന്ന ആ യന്ത്രത്തിന്റെ പേര് ഇന്നും അറിയില്ല. പക്ഷേ, കുട്ടികള്‍ അതിനെ ആ ശബ്ദത്തില്‍ തന്നെ വിളിച്ചു. ക്രിച്ചി…ക്രിച്ചി… ക്രിച്ചി…

സോഷ്യലിസ്റ്റ് ചേരി…

അത്രയൊന്നും വൃത്തിയും വെടിപ്പുമില്ലാത്ത ആ ബാര്‍ബര്‍ ഷോപ്പില്‍ കയറിയിറങ്ങിയെങ്കിലേ പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ സുന്ദരന്മാരായി നാട്ടില്‍ വിലസാനാകുമായിരുന്നുള്ളു. ആ അര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായിരുന്നു കാക്കായുടെ ബാര്‍ബര്‍ ഷോപ്പ്.

അതിരാവിലെ നിലത്തുനോക്കി നടന്ന് കാക്കാ ബാര്‍ബര്‍ ഷോപ്പിലത്തെും. ഒരു ചായ കുടിച്ചുകൊണ്ട് ആരോടും മിണ്ടാതെ അയാള്‍ ഓരോരുത്തരെയായി വെടിപ്പാക്കി തുടങ്ങും.

അതിനിടിയില്‍ എപ്പോഴോ ഉച്ചയാകും. ഊണിന്റെ സമയവും തിരക്കും നോക്കി കാക്കാ കടയില്‍നിന്നിറങ്ങും. പള്ളിമുറ്റത്തുകൂടി വേണമായിരുന്നു കാക്കായ്ക്ക് വീട്ടിലേക്ക് പോകാന്‍.
ആളൊഴിഞ്ഞ പള്ളിയില്‍നിന്ന് കാക്കാ നിസ്‌കരിക്കുന്നത് പലപ്പോഴും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

വീണ്ടും സന്ധ്യയാകുന്നതുവരെ കടയില്‍ കാക്കായ്ക്ക് തിരക്കോട് തിരക്കുതന്നെ. അതിനിടയില്‍ കത്തിയും കത്രികയുമെടുത്ത് കാക്കാ ചില വീടുകളിലേക്ക് പോകും. അവിടെ പറമ്പില്‍ കസേരയിട്ടിരിക്കുന്ന ചില കാരണവന്മാരുടെ മുന്നിലിരുന്നു കാക്കാ മുടിയും താടിയും മീശയുമൊക്കെ വെടിപ്പാക്കും. കക്ഷങ്ങളിലെ വന്യമായ കാടുകള്‍വരെ കാക്കായെകൊണ്ട് അവര്‍ വെടിപ്പാക്കിക്കുന്നത് ദൂരെ നിന്ന് കണ്ടിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ കാക്കാ ആദ്യമത്തെുക കടയിലല്ല. പള്ളിമുറ്റത്താണ്. മിമ്പറില്‍ കയറി ഖുതുബ പറയാന്‍ മുസ്ല്യാര്‍ക്ക് താടിയൊതുക്കി മീശ വരിയാക്കി ആത്മവിശ്വാസത്തിന് ആക്കം കൂട്ടിയിട്ടേ കാക്കാ മറ്റുള്ളവരുടെ തലയില്‍ കത്തി തൊടുവിക്കൂ.

നാട്ടിലെ ഓരോരുത്തരുടെയും തലയുടെ അളവും വളവും പാകവും അയാള്‍ക്ക് മനപ്പാഠമായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അതേ ചരിവളവുകളിലൂടെ കാക്ക വെട്ടി വെട്ടി മുന്നേറി.
അടുത്ത പേജില്‍ തുടരുന്നു

Advertisement