കവരത്തി: ലക്ഷദ്വീപിലെ അമ്‌നി ദ്വീപിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ മംഗലാപുരത്തു നിന്നും പുറപ്പെട്ട ഉരു കാണാതായി. മംഗലാപുരത്തു നിന്നും പോയ അല്‍ അഖ്ത്തര്‍ ഉരുവാണ് കഴിഞ്ഞ ദിവസം രാത്രി കാണാതായത്. കടല്‍ക്ഷോഭം മൂലം അമ്‌നിയില്‍ അടുക്കാന്‍ കഴിയാതെ കവരത്തിയിലേക്ക് തിരിച്ചുവിട്ടതായിരുന്നു ഉരു. ആറു ജീവനക്കാരാണ് ഇതിലുള്ളത്. ഉരു കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും മിനിക്കോയ്, കല്‍പേനി ദ്വീപുകളുടെ തീരത്തുണ്ടായിരുന്ന നിരവധി ബോട്ടുകള്‍ തകര്‍ന്നു. കല്‍പേനിയില്‍ നിരവധി വീടുകള്‍ തകരുകയും റോഡ് ഒലിച്ചുപോകുകയും ചെയ്തു. നൂറിലധികം തെങ്ങുകള്‍ നശിച്ചു. ജനങ്ങളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍ കില്‍ത്താന്‍ ദ്വീപിന്റെ കിഴക്കു ഭാഗത്തെ ബീച്ച് റോഡ് പൂര്‍ണ്ണമായും ഒലിച്ചുപോയി. അന്ത്രോത്ത് ദ്വീപില്‍ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.

ദ്വീപിന്റെ കിഴക്കുവശത്ത് ഒരു കിലോമീറ്ററിലധികം ഉള്ളിലേക്ക് കടല്‍വെള്ളം കയറിയതായി നാട്ടുകാര്‍ പറയുന്നു. ദ്വീപിലെ ഹെലിപാഡിന് കടല്‍ക്ഷോഭത്തില്‍ കേടുപാട് പറ്റിയതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.

Malayalam News
Kerala News in English