മദന്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ‘സത്യാനന്ദ’ എന്ന ചിത്രത്തിനെതിരെ സ്വാമി നിത്യാനന്ദയുടെ കൂട്ടാളികള്‍ രംഗത്ത്. സത്യാനന്ദയുടെ ചിത്രീകരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സന്യാസിമാര്‍ മദന്‍ പട്ടേലിനും ചിത്രത്തില്‍ ‘സത്യാനന്ദ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രവി ചേതനും നോട്ടീസ് അയച്ചിട്ടുണ്ട്.

ചിത്രത്തിന്റെ കഥയ്ക്ക് സ്വാമി നിത്യാനന്ദയുടെ ജീവിതകഥയുമായി ബന്ധമുണ്ടെന്നും അതിനാല്‍ ചിത്രം നിര്‍ത്തിവയ്ക്കണമെന്നുമാണ് സ്വാമിയുടെ സഹായികള്‍ ആവശ്യപ്പെട്ടത്. സ്വാമിയുടെ ജീവിതത്തില്‍ നടന്ന നിരവധി സംഭവങ്ങള്‍ ചിത്രത്തിലുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

‘സത്യാനന്ദ’ എന്ന ചിത്രത്തിന്റെ കഥയ്ക്ക് നിത്യാനന്ദയുടെ കഥയുമായി ബന്ധമുള്ളതായി താന്‍ പറഞ്ഞിട്ടില്ലെന്നാണ് സംവിധായകന്‍ മദന്‍ പട്ടേല്‍ പറയുന്നത്. ഈ നോട്ടീസ് തന്നെ ഞെട്ടിച്ചുകളഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ. പല കഥാപാത്രങ്ങളെയും ആര് അവതരിപ്പിക്കുമെന്നതുവരെ തീരുമാനിച്ചിട്ടില്ല. ഈ സമയത്തിനുള്ളില്‍ തന്നെ തനിക്ക് പല ഭീഷണി ഫോണ്‍കോളുകളും ലഭിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ക്കൊന്നും താന്‍ വഴിങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീരുമാനിച്ച സമയത്ത് തന്നെ ചിത്രത്തിന്റെ ചീത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.