എഡിറ്റര്‍
എഡിറ്റര്‍
ഉള്ളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില കുറഞ്ഞോളും: പരാതിക്കാരനോട് സുപ്രീം കോടതി
എഡിറ്റര്‍
Friday 10th January 2014 2:10pm

onions

ന്യൂദല്‍ഹി: ഉള്ളിവില കുറയ്ക്കാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഉള്ളി ഉപയോഗം കുറച്ചാല്‍ വില കുറയുമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് ബി.എസ് ചൗഹന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് പുതിയ നിര്‍ദേശം.

‘ജനങ്ങള്‍ രണ്ട് മാസം ഉള്ളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില കുറയും’. സുപ്രീം കോടതി പറഞ്ഞു.

ഉള്ളി വില ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ഹരജി സുപ്രീം കോടതി തള്ളി. ഉള്ളിയുടേയും പച്ചക്കറിയുടേയും വില നിയന്ത്രിക്കലല്ല കോടതിയുടെ ജോലിയെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ കൊണ്ട് കോടതിക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ബഞ്ച് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പലയിടങ്ങളിലും ഉള്ളിയുടെ വില ഒരു കിലോയ്ക്ക് 100 രൂപ വരെ ഉയര്‍ന്നിരുന്നു.

ഈ അവസരത്തിലായിരുന്നു വില ഏകീകരിക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.

 

Advertisement