ന്യൂദല്‍ഹി: ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തൂവെന്ന് അമിതാഭ് ബച്ചനോട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. റായിബറേലിയില്‍ തെരഞ്ഞെടുപ്പു റാലി അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് അമിതാഭ് ജീയോട് എനിക്കു പറയാനുള്ളത്.’ എന്നാണ് അഖിലേഷ് പറഞ്ഞത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ ഗുജറാത്തിലെ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാണ് ബച്ചന്‍.

ഗുജറാത്ത് സ്വദേശിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരാമര്‍ശിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവന.

പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അഖിലേഷിന് മനോനില നഷ്ടമായെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപമാണ് അഖിലേഷിന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഖിലേഷിനെ പ്രതിരോധിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് ഉദയവീര്‍ സിങ് രംഗത്തെത്തി. ഉത്തര്‍പ്രദേശ് കൊള്ളയ്ക്കും കൊലയ്ക്കും നമ്പര്‍ വണ്‍ എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഗുജറാത്തിലെ കഴുതകളെ വരെ മഹന്മാരായി വാഴ്ത്തുന്നു എന്നേ അഖിലേഷ് പറഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഉദയവീര്‍ സിങ് വ്യക്തമാക്കി.