ഫാഷന്‍ തരംഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറി മറിയും. ഡ്രസിന്റെ കാര്യത്തില്‍ മാത്രമല്ല മേക്കപ്പിലും, മുടിയുടെ കാര്യത്തിലെല്ലാം ഇങ്ങനെത്തന്നെയാണ്. കുറച്ചുമുമ്പുവരെ മുടിയില്‍ പലതരം കളറുകള്‍ തേച്ച് സ്റ്റൈലിഷായി നടക്കാനായിരുന്നു യുവ തലമുറയ്ക്കിഷ്ടം. എന്നാല്‍ കളര്‍ ട്രന്റ് ഇപ്പോള്‍ മാഞ്ഞുപോയി. കല്ലുകളാണ് പുതിയ ട്രന്റ്. പൂക്കള്‍, കല്ലുകള്‍, ബട്ടര്‍ഫ്‌ളൈ, തുടങ്ങി ഈ കല്ലുപിടിപ്പിക്കലിലും പല ഫാഷനുകളുണ്ട്. കളര്‍ ചെയ്യുന്നതുപോലെ തന്നെ ഇത് മാസങ്ങളോളം ഇളകിപ്പോകാതെ സൂക്ഷിക്കുകയും ചെയ്യാം.

സ്‌റ്റോണ്‍ ഡക്കറേഷന്‍ ചെയ്യുന്നവിധം

മെറ്റലിന്റെ ചെറിയ റിങ്ങാണ് സ്‌റ്റോണ്‍ ഡിസൈനിങ്ങിന്റെ അടിസ്ഥാനവസ്തു. ഈ റിങ്ങുനുള്ളില്‍ കൊള്ളാവുന്ന പരമാവധി മുടി ഇതിനുള്ളിലാക്കി റിങ്ങിന്റെ കൊളുത്തിടുക. ഉപയോഗിക്കുന്നയാളുടെ ഇഷ്ടമനുസരിച്ച് തലയുടെ ഏത് ഭാഗത്തുവേണമെങ്കിലും സ്‌റ്റോണ്‍ ഡിസൈന്‍ ചെയ്യാം. അടുത്ത റിങ്ങുകളും ഇതുപോലെ സെറ്റ് ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള മോഡലില്‍ ചെയ്യാം. പിന്നീട് ഈ റിങ്ങില്‍ പ്രത്യേകതരം പശ ഉപയോഗിച്ച് ഡിസൈനുകള്‍ ഒട്ടിക്കുക.

മുടി ചീകുന്നതിനും എണ്ണ തേക്കുന്നതിനും യാതൊരു തടസവും ഇത് കൊണ്ടുണ്ടാവില്ല. മുടി ചീകുമ്പോള്‍ സ്‌റ്റോണ്‍ ഘടിപ്പിച്ച ഭാഗം മാറ്റി നിര്‍ത്തി ചീകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

250മുതല്‍ 1,000രൂപവരെയാണ് സ്റ്റോണ്‍ ഡിസൈനിങ്ങിനു വിലയാവുക. വൈദഗ്ധ്യമുള്ള ഒരാളുടെ സഹായത്തോടെ വേണം ഇതു ചെയ്യാന്‍.